2047 ഓടെ വികസിത ഭാരതം; യു.എസ് കമ്പനികള്‍ക്ക് സംഭാവനകള്‍ ഇന്ത്യ നല്‍കും: രാജ്നാഥ് സിങ്

 2047 ഓടെ വികസിത ഭാരതം; യു.എസ് കമ്പനികള്‍ക്ക് സംഭാവനകള്‍ ഇന്ത്യ നല്‍കും: രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യ-യു.എസ് സഹകരണം നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ദൃഢമായ ബന്ധമാണ് ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വരും വര്‍ഷങ്ങളില്‍ യു.എസ് കമ്പനികള്‍ക്ക് അപകട സാധ്യതകള്‍ കുറയ്ക്കാനും ഉയര്‍ന്ന വരുമാനം ലഭിക്കാനും സഹായിക്കുന്ന സംഭാവനകള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ സാധിക്കുമെന്നും അദേഹം അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയും യു.എസും സ്വതന്ത്രവും കൃത്യമായ നിയമങ്ങള്‍ പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും പങ്കിടുന്ന താല്‍പര്യങ്ങള്‍ ഇന്ത്യ-അമേരിക്ക ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തു. ഇത് ദീര്‍ഘകാല സുസ്ഥിരതയ്ക്കും ദൃഢതയ്ക്കും വഴിവയ്ക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അമേരിക്കയും മറ്റൊരു ജനാധിപത്യ രാജ്യമാണ്. ഈ രണ്ട് രാജ്യങ്ങള്‍ സഹകരിച്ച് പോകുമ്പോള്‍ അത് ലോകത്തിനാകെ പ്രയോജനകരമാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

2047 ഓടെ വികസിത ഭാരതത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടിത്തറ പാകിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ അമേരിക്കന്‍ നിക്ഷേപങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാനാകും. ഇന്ത്യയുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര വിപണി, തൊഴില്‍ ശക്തി, വളര്‍ന്നു വരുന്ന സമ്പദ്‌വ്യവസ്ഥ തുടങ്ങിയവ യു.എസ് കമ്പനികള്‍ക്കും ഉയര്‍ന്ന വരുമാനം ഉറപ്പ് നല്‍കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ ആത്മനിര്‍ഭര ഭാരതം എന്ന കാഴ്ചപ്പാട് സൗഹൃദ രാഷ്ട്രങ്ങളുമായി സഹകരിക്കുന്നതിനുള്ള പ്രതിബദ്ധതയാണെന്നും പ്രതിരോധ സാങ്കേതിക വിദ്യ, ബഹിരാകാശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരാന്‍ സാധിക്കട്ടെ എന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.