ഓസ്‌ട്രേലിയയിലേക്ക് അര ടണ്ണിലധികം മയക്കുമരുന്ന് കടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുകെയില്‍ 33 വര്‍ഷം തടവ്

ഓസ്‌ട്രേലിയയിലേക്ക് അര ടണ്ണിലധികം മയക്കുമരുന്ന് കടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുകെയില്‍ 33 വര്‍ഷം തടവ്

ഓസ്ട്രേലിയയിലേക്ക് കൊക്കെയ്ന്‍ കടത്തിയത് 37 തവണ

ലണ്ടന്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് അര ടണ്ണിലധികം കൊക്കെയ്ന്‍ കടത്തിയതിന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് യുകെയില്‍ 33 വര്‍ഷത്തെ തടവ് ശിക്ഷ. പടിഞ്ഞാറന്‍ ലണ്ടനിലെ ഹാന്‍വെലില്‍ താമസിക്കുന്ന ആര്‍തി ധീര്‍ (59), കവല്‍ജിത്സിങ് റൈജാദ (35) എന്നിവരെയാണ് ശിക്ഷിച്ചത്. ഗുജറാത്തില്‍ ദത്തുപുത്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. ഈ കേസില്‍ ഇവരെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

2021 മെയ് മാസത്തില്‍ സിഡ്‌നിയില്‍ 57 ദശലക്ഷം പൗണ്ട് (600 കോടി രൂപ) വിലമതിക്കുന്ന കൊക്കെയ്ന്‍ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് പിടികൂടിയതിനെ തുടര്‍ന്നാണ് നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) ഇവരെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷിച്ച എന്‍സിഎ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു.

വിമാനത്തില്‍ മെറ്റല്‍ ടൂള്‍ ബോക്‌സെന്ന വ്യാജേനയാണ് പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യുകെയില്‍ നിന്ന് വാണിജ്യ വിമാനം വഴിയാണ് മയക്കുമരുന്ന് കയറ്റി അയച്ചത്. അതില്‍ ആറ് മെറ്റല്‍ ടൂള്‍ബോക്‌സുകളിലായി 514 കിലോഗ്രാം കൊക്കെയ്ന്‍ അന്വേഷണസംഘം കണ്ടെത്തി. ഓസ്ട്രേലിയയില്‍ വില്‍ക്കുന്ന മയക്കുമരുന്നിന് ഏകദേശം 57 ദശലക്ഷം പൗണ്ട് വില കണക്കാക്കുന്നു. ഇതിന്റെ നിരക്ക് യുകെയില്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതലാണ്. യുകെയില്‍, മൊത്തക്കച്ചവടത്തില്‍ ഒരു കിലോ കൊക്കെയ്‌ന് വില ഏകദേശം 26,000 പൗണ്ടാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ അതേ അളവില്‍ കൊക്കെയ്ന്‍ വില്‍ക്കുന്നത് 110,000 പൗണ്ടിനാണ്.

വീഫ്ലി ഫ്രൈറ്റ് സര്‍വീസസ് എന്ന പേരിലുള്ള കമ്പനിയുടെ മറവിലാണ് ഇരുവരും മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്ന് അടങ്ങിയ മെറ്റല്‍ ടൂള്‍ ബോക്‌സുകളിലെ പ്ലാസ്റ്റിക് കവറുകളില്‍ പ്രതികളില്‍ ഒരാളായ റൈജാദയുടെ വിരലടയാളവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 2,855 പൗണ്ടോളം ടൂള്‍ബോക്‌സുകളുടെ ഓര്‍ഡര്‍ നല്‍കിയതിന്റെ രസീതുകളും ദമ്പതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.


2019 ജൂണ്‍ മുതല്‍ പ്രതികള്‍ ഓസ്ട്രേലിയയിലേക്ക് 37 തവണ മയക്കു മരുന്ന് അയച്ചിട്ടുണ്ട്. അതില്‍ 22 എണ്ണം ഡമ്മികളായിരുന്നു. ബാക്കി 15 എണ്ണത്തില്‍ കൊക്കെയ്ന്‍ അടങ്ങിയിരുന്നതായും കേസില്‍ പറയുന്നു. 2003 മാര്‍ച്ച് മുതല്‍ 2016 ഒക്ടോബര്‍ വരെ ഹീത്രൂവിലെ ഫ്‌ളെലറ്റ് സര്‍വീസ് കമ്പനിയില്‍ ധീര്‍ ജോലി ചെയ്തിരുന്നു. 2014 മാര്‍ച്ച് മുതല്‍ 2016 ഡിസംബര്‍ വരെ റൈജാദയും ഇതേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഇതിലൂടെയാണ് എയര്‍പോര്‍ട്ട് ചരക്ക് നടപടിക്രമങ്ങളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പ്രതികള്‍ മനസിലാക്കിയത് എന്നാണ് വിവരം.

2021 ജൂണ്‍ 21-ന് ഹാന്‍വെല്ലിലെ ദാമ്പതികളുടെ വീട്ടില്‍ വെച്ചാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. അതോടൊപ്പം 5,000 പൗണ്ട് വിലമതിക്കുന്ന സ്വര്‍ണം പൂശിയ വെള്ളി ബാറുകളും വീട്ടിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

അതേസമയം റൈജാദ തന്റെ അമ്മയുടെ പേരില്‍ ഹാന്‍വെല്ലില്‍ മറ്റൊരു വീടും വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെ പെട്ടികളിലും സ്യൂട്ട്കേസുകളിലുമായി ഒളിപ്പിച്ച ഏകദേശം 3 ദശലക്ഷം പൗണ്ടും എന്‍സിഎ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. ഇതുകൂടാതെ 800,000 പൗണ്ടിന് ഒരു ഫ്‌ളാറ്റും 62,000 പൗണ്ടിന് ഒരു ലാന്‍ഡ് റോവറും ഇരുവരും സ്വന്തമാക്കിയിരുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ കണക്കില്‍ പെടാത്ത പണം പ്രതികള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ചുമത്തി. നിലവിലെ ഇവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള നടപടികളും ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.

2017-ല്‍ 12 വയസുകാരനായ ദത്തുപുത്രനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും കുറ്റവാളികളാണ്. ലണ്ടനില്‍ ഒപ്പം താമസിപ്പിക്കാമെന്ന വാഗ്ദാനവുമായാണ് ദമ്പതികള്‍ ഇന്ത്യയില്‍ നിന്ന് ഗോപാല്‍ എന്ന കുട്ടിയെ ദത്തെടുത്തത്. പിന്നീട് വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം 1.3 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക നേടാനും ശ്രമിച്ചതായി ഗുജറാത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ പ്രതികളെ ഇന്ത്യക്ക് കൈമാറാനുള്ള അപേക്ഷ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26