ബൈബിളിന് വേണ്ടിയുള്ള പോരാട്ടം വിജയം കണ്ടു; ആന്റണി സിനിമയിലെ വിവാദ രംഗം ഇനി ബ്ലര്‍ ചെയ്ത് കാണിക്കും

ബൈബിളിന് വേണ്ടിയുള്ള പോരാട്ടം വിജയം കണ്ടു; ആന്റണി സിനിമയിലെ വിവാദ രംഗം ഇനി ബ്ലര്‍ ചെയ്ത് കാണിക്കും

കൊച്ചി: ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയില്‍ ബൈബിളിനെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ വിവാദം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയ്തിരുന്നു. ബൈബിളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗം ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നത് ആണെന്നായിരുന്നു ഹര്‍ജി.

വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ വിവാദ ഭാഗം ബ്ലറര്‍ ചെയ്ത് ഇറക്കാമെന്ന് നിര്‍മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. കേസ് നടന്നുകൊണ്ടിരിക്കെ തന്നെ തിയേറ്ററില്‍ നിന്നും സിനിമ മാറിയതുകൊണ്ട് ഒടിടിയില്‍ റിലീസ് ചെയ്തത് ബ്ലര്‍ ചെയ്ത വേര്‍ഷന്‍ ആണ്.

ജോജി കോലഞ്ചേരി എന്ന വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. സിനിമ ഇറങ്ങിയ ദിവസം തന്നെ ജോജി ബൈബിളില്‍തോക്ക് ഒളിപ്പിക്കുന്ന രംഗത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൂടാതെ നിയമപരമായി നീങ്ങുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിനും നിര്‍മാണ കമ്പനിയായ ഐന്‍സ്റ്റീന്‍ മീഡിയയ്ക്കും പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതോടെ അഡ്വ. ജിജിമോന്‍ ഐസക് വഴി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജോജി കോലഞ്ചേരിയുടെ കുറിപ്പ്:

ഈശോയ്ക്ക് നന്ദി...

ജോഷി സംവിധാനം ചെയ്ത 'ആന്റണി' എന്ന സിനിമയില്‍ ബൈബിളിനെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നല്ലോ. സിനിമ ഇറങ്ങിയ ദിവസം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അതിനെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.

നിയമപരമായി കൂടി അതിനെതിരെ നീങ്ങുന്നതിന്റെ ഭാഗമായി സെന്‍സര്‍ ബോര്‍ഡിനും പ്രൊഡ്യൂസര്‍ക്കും പരാതി അയക്കുകയും ചെയ്തു. അവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനാല്‍ നീതിക്ക് വേണ്ടി അഡ്വ. ജിജിമോന്‍ ഐസക് വഴി ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇടപെടല്‍മൂലം സിനിമയുടെ ആളുകള്‍ വിവാദപരമായ ആ ഭാഗം ബ്ലര്‍ ചെയ്ത് ഇറക്കാമെന്ന് സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കുകയുണ്ടായി. കേസ് നടന്നുകൊണ്ടിരിക്കെ തന്നെ തിയേറ്ററില്‍ നിന്നും സിനിമ മാറിയതിനാല്‍ OTT യില്‍ റിലീസ് ചെയ്തത് ബ്ലര്‍ ചെയ്ത വേര്‍ഷന്‍ ആണ്.

സിനിമയിലൂടെ ക്രൈസ്തവരെയും അവരുടെ വിശുദ്ധ ഗ്രന്ഥത്തെയും കൂദാശകളെയും മനപൂര്‍വമോ, അല്ലാതെയോ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ. മേലില്‍ സെന്‍സര്‍ ബോര്‍ഡും സിനിമകള്‍ സെന്‍സറിങിനു വരുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു.

ജോഷി സംവിധാനം ചെയ്ത ആന്റണി സിനിമ മതവികാരം വ്രണപ്പെടുത്തിയെന്ന് ക്രൈസ്തവ സംഘടനയായ കാസ ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ഐന്‍സ്റ്റീന്‍ മീഡിയ മറുപടി നല്‍കുകയും ചെയ്തു. ഏതെങ്കിലും മത വിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ / വേദനിപ്പിക്കുവാനോ വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതല്ല ചിത്രത്തിലെ രംഗമെന്നും 'ആന്റണി' തികച്ചും ഒരു സാങ്കല്‍പിക സൃഷ്ടി മാത്രമാണെന്നും നിര്‍മ്മാണ കമ്പനിയായ ഐന്‍സ്റ്റീന്‍ മീഡിയ വ്യക്തമാക്കിയിരുന്നു.

കലാ ആവിഷ്‌കാരത്തിലൂടെ ഹൃദയ ബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാന്‍ ശ്രമിക്കുന്ന ഒരു സാങ്കല്‍പിക സൃഷ്ടിയാണ് 'ആന്റണി'. പ്രസ്തുത രംഗം കഥാ സന്ദര്‍ഭത്തിന് ആവശ്യമെന്ന രീതിയില്‍ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ആ രംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും അത് ഒരു തരത്തിലും അക്രമമോ സ്പര്‍ദ്ധയോ തൊടുത്തുവിടാന്‍ ഉള്ള ഉദേശത്തോടെ ഉള്‍പ്പെടുത്തിയിട്ടുള്ളതല്ലെന്നും നിര്‍മ്മാണ കമ്പനി വ്യക്തമാക്കി.

ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ നമ്മുടെ പ്രേക്ഷകര്‍ക്കുള്ളിലെ വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളെ തങ്ങള്‍ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവര്‍ത്തകര്‍ എന്ന നിലയിലും വിശ്വാസപരമായ കാര്യങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം മനസിലാക്കുന്നുണ്ടെന്നും നിര്‍മാണ കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. സര്‍ഗാത്മക തത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭാവിയില്‍ കൂടുതല്‍ ക്രിയാത്മകമായ സൃഷ്ടികള്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഐന്‍സ്റ്റീന്‍ മീഡിയ വ്യക്തമാക്കി.

ജോജു ജോര്‍ജ്, കല്ല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ആന്റണിക്കെതിരെ കാസയായിരുന്നു രംഗത്ത് എത്തിയത്. ചിത്രത്തിലെ ഒരു രംഗത്തില്‍ കഥാപാത്രങ്ങളില്‍ ഒന്ന് ബൈബിളിനുള്ളില്‍ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം.

നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മിച്ച ആന്റണിയില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.