മിഷന്‍ തണ്ണീര്‍ ദൗത്യം: കാട്ടുകൊമ്പനെ മയക്കുവെടി വച്ചു; പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

 മിഷന്‍ തണ്ണീര്‍ ദൗത്യം: കാട്ടുകൊമ്പനെ മയക്കുവെടി വച്ചു; പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു

മാനന്തവാടി: മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന തണ്ണീര്‍ കൊമ്പനെ ദൗത്യസംഘം മയക്കുവെടി വച്ചു. വാഴത്തോട്ടത്തിന് പുറത്തിറങ്ങിയതോടെയാണ് സംഘം മയക്കുവെടിവച്ചത്. കഴിഞ്ഞ ഒന്നര മണിക്കൂറോളമായി ആനയെ മയക്കുവെടി വച്ചുതളയ്ക്കാനുളള ശ്രമം തുടരുകയായിരുന്നു.

കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരമാണ് സംഘം മാനന്തവാടിയില്‍ എത്തിയത്. ആദ്യം കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കണമെന്നും അതിന് സാധ്യമായില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടി കര്‍ണാടക വനം വകുപ്പിന്റെ സാന്നിധ്യത്തില്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ തുറന്ന് വിടണമെന്നുമാണ് ഉത്തവില്‍ പറഞ്ഞിരുന്നത്.

സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ തുരത്തുക ശ്രമകരമായതിനാല്‍ മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂരില്‍ തുറന്നുവിടാനുള്ള ശ്രമത്തിലായിരുന്നു അധികൃതര്‍. ഉത്തരവിറങ്ങാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ആനയെ പൂട്ടാനായി വിക്രം, സൂര്യ എന്നീ കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചിരുന്നു.

മാനന്തവാടി നഗരത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്നാണ് മാനന്തവാടിയില്‍ എത്തിയത്. ഇടുക്കി ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിയുതിര്‍ത്ത് പിടികൂടി നാടുകടത്തിയ കാട്ടാന അരിക്കൊമ്പന് സമാനമാണ് വയനാട് മാനന്തവാടിയിലെത്തിയ തണ്ണീര്‍ കൊമ്പന്‍. കര്‍ണാടകയിലെ ഹാസന്‍ ഡിവിഷന് കീഴില്‍ കഴിഞ്ഞ ജനുവരി പതിനാറിന് മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വനംവകുപ്പ് ഉള്‍ക്കാട്ടിലേക്ക് അയക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് മാനന്തവാടി ടൗണിലെ കണിയാരത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന എത്തിയത്. ജനവാസ മേഖലയിലൂടെ നടന്നുനീങ്ങിയ ആന യാതൊരു തരത്തിലുമുള്ള അക്രമവും നടത്തിയിരുന്നില്ല. സമീപത്ത് കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോഴും ആന ശാന്തനായിരുന്നു. ജനവാസ മേഖലയിലിറങ്ങി ജനജീവിതം താറുമാറാക്കിയതോടെയാണ് അരിക്കൊമ്പനെ ഇടുക്കി ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിയുതിര്‍ത്ത് പിടികൂടി നാടുകടത്തിയത്. എന്നാല്‍ കര്‍ണാടയില്‍ നിന്ന് മാനന്തവാടിയിലെത്തിയ കാട്ടാന അക്രമകാരിയല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കര്‍ണാടകയിലെ ഹാസന്‍ ഡിവിഷനിലെ കാപ്പിത്തോട്ടങ്ങളില്‍ പതിവായി എത്തിയതോടെയാണ് ആനയെ പ്രദേശവാസികള്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. അപകടകാരിയല്ലെങ്കിലും കൃഷി സ്ഥലങ്ങളിലേക്ക് എത്താന്‍ ആളുകള്‍ ഭയപ്പെട്ടതോടെ മയക്കുവെടിയുതിര്‍ത്ത് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്ക് അയക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.