നാളെ ലോക ക്യാന്‍സര്‍ ദിനം
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാന്‍സര്‍ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാന്‍ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തില്‍ ആശുപത്രികളില്‍ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന സ്തനാര്‍ബദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള ക്യാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഭാവിയില്‍ സ്ത്രീകളിലെ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള എച്ച്.പി.വി. സ്‌ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാക്കും.
'Close the Care Gap' എന്നതാണ് ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിന സന്ദേശം. കാന്‍സര്‍ ചികിത്സയിലുള്ള വിടവ് നികത്തുക, എല്ലാവര്‍ക്കും ക്യാന്‍സര്‍ ചികിത്സയില്‍ തുല്യമായ അവകാശം എന്നിവയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.
അധികദൂരം യാത്ര ചെയ്യാതെ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് മൂന്ന് അപ്പെക്‌സ് ക്യാന്‍സര്‍ സെന്ററുകള്‍ക്ക് പുറമേ അഞ്ച് മെഡിക്കല്‍ കോളജിലും സമഗ്ര കാന്‍സര്‍ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ 25 ജില്ലാതല ആശുപത്രികളിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കൃത്യമായ ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കാന്‍ സ്റ്റാന്റേര്‍ഡ് ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈന്‍ പുറത്തിറക്കുകയും ചികിത്സ ഏകോപിപ്പിക്കാനായി ജില്ലാതല ക്യാന്‍സര്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.