ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

 ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും നാളെ യോഗം ചേരുന്നുണ്ട്.

കോട്ടയത്ത് സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ജയസാധ്യത കൂടുതലുള്ള ആള്‍ തന്നെ വേണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് നറുക്ക് വീണത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം പി.ജെ ജോസഫ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നാളെ ചേരുന്ന ഉന്നതാധികാര സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കാനുള്ള ചുമതല അടക്കം നിര്‍ദേശിക്കും.

കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, എം.പി ജോസഫ്, സജി മഞ്ഞക്കടമ്പില്‍, പി.സി തോമസ് എന്നിവര്‍ കോട്ടയത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനാണ് മണ്ഡലത്തില്‍ പൊതുസ്വീകാര്യത എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയും ഫ്രാന്‍സിസ് ജോര്‍ജിന് തുണയായി.

കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിലൂടെ യുഡിഎഫിന് നഷ്ടമായ സീറ്റാണ് കോട്ടയം. അതിനാല്‍ ഏതുവിധേനയും കോട്ടയം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്റെ അഭിമാന പ്രശ്‌നമാണ്. യുഡിഎഫില്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് കോട്ടയം. അതിനാല്‍ സീറ്റ് നഷ്ടപ്പെടുത്തിയാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും തിരിച്ചടിയാകും.

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ.എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന ഫ്രാന്‍സിസ് പിന്നീട് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും കേരള കോണ്‍ഗ്രസ് എമ്മില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ച ജോസ് കെ. മാണിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാതെ പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് നിലവില്‍ ഫ്രാന്‍സിസ് ജോര്‍ജ്.

അഞ്ച് തവണ തുടര്‍ച്ചയായി ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജ് 1999 ലും 2004 ലും വിജയിച്ച് ലോക്‌സഭയില്‍ എത്തുകയും ചെയ്തിരുന്നു. വിദേശകാര്യം, പ്രതിരോധം, വ്യവസായം, വ്യാപാരം എന്നിവയുടെ പാര്‍ലമെന്ററി കമ്മിറ്റികളില്‍ ഫ്രാന്‍സിസ് ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.