പെർത്ത് സീറോ മലബാർ ഇടവകയിൽ വിശുദ്ധ ​ഗീവർ​ഗീസിന്റെയും സെബസ്റ്റ്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു

പെർത്ത് സീറോ മലബാർ ഇടവകയിൽ വിശുദ്ധ ​ഗീവർ​ഗീസിന്റെയും സെബസ്റ്റ്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു

പെർത്ത്: പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ വിശുദ്ധ ​ഗീവർ​ഗീസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ ആഘോഷിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളെ ചെറുത്തുതോൽപ്പിക്കാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയുമെന്ന് ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് തിരുനാളാഘോഷത്തിനിടെ നടത്തിയ വചന സന്ദേശത്തിൽ പറഞ്ഞു.

"ഈ കാലഘട്ടത്തിൽ വിശ്വാസത്തിനെതിരായ ഒത്തിരിയേറെ തിന്മകളുണ്ട്. ദൈവത്തെ തള്ളിപ്പറയാനും മാറ്റിനിർത്താനുമുള്ള ഒരു പ്രവണത നമുക്കുണ്ട്. കഴിഞ്ഞ 2023 ലെ ഓസ്ട്രേലിയയിലെ സെൻസസിൽ മതമില്ലാത്തവരാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 39 ശതമാനം ആളുകളാണ്. വെറും 20 വർർഷങ്ങൾക്കു മുമ്പ് 2001ലെ സെൻസസിൽ അത് വെറും 17 ശതമാനം ആയിരുന്നു. 20 വർഷം കൊണ്ട് 20 ശതമാനത്തിലേറെയാളുകൾ മതത്തെ തള്ളിപ്പറയുന്നവരായി.

ദൈവത്തെ അനുദിന ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അതുകൊണ്ട് ഈ ഭീഷണിയിൽ പലരും വഴങ്ങിപ്പോകാറുണ്ട്. ഒരു പക്ഷെ വിശ്വാസിയാണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങളും കളിയാക്കപ്പെട്ടേക്കാം. അങ്ങനെയുള്ള ഈ സാഹചര്യത്തിൽ വിശ്വാസത്തിനെതിരായ തിന്മക്കെതിരായി പോരാടാൻ വിളിക്കപ്പെട്ടവരാണ് നിങ്ങളെന്ന് വിശുദ്ധ ​ഗീവർ​ഗീസും വിശുദ്ധ സെബസ്റ്റ്യാനോസും നമ്മളെ ഓർമ്മപ്പെടുത്തുകയാണ്.

വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസുകാർക്കെഴുതിയ ലേഖനത്തിൽ പറയുന്നതുപോലെ വചനമാകുന്ന വാളുപയോ​ഗിച്ചാണ് ഇത്തരം തിന്മകൾക്കെതിരെ പടവെട്ടേണ്ടത്. വചനത്തിന്റെ വാളും വിശ്വാസത്തിന്റെ പരിചയും നീതിയുടെയും സത്യത്തിന്റെയും പടത്തൊപ്പിയണിഞ്ഞുകൊണ്ടാണ് തിന്മക്കെതിരെ പടവെട്ടേണ്ടത്"- ഫാദർ അനീഷ് ജെയിംസ് വി.സി ഓർമ്മിപ്പിച്ചു.

ഫാദർ സാബു ജേക്കബ് വി.സി തിരുനാൾ ദിന വിശുദ്ധ കുർബാനയിൽ മുഖ്യ കാർ‌മ്മികനായിരുന്നു. ഫാദർ അനീഷ് ജെയിംസും അസിസ്റ്റന്റ് വികാരി ഫാദർ ബിബിൻ വേലമ്പറമ്പിലും സഹ കാർമികരായിരുന്നു. തിരുനാൾ ദിവസമായ ഇന്നലെ രാവിലെ എട്ട് മണിക്കും പതിനൊന്ന് മണിക്കും വൈകുന്നേരം 4.30 നും വിശുദ്ധ കുർബാനകൾ ഉണ്ടായിരുന്നു. പതിനൊന്ന് മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം ഭക്തിപൂർവമായ ലദീഞ്ഞും പ്രദക്ഷിണവും നടന്നു.

തിരുനാൾ ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ സജി മനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അ​ഗസ്റ്റിൻ തോമസ എന്നിവരും കാറ്റിക്കിസം പ്രിൻസിപ്പൽ പോളി ജോർജും നേതൃത്വം നൽകി. റോയി ജോസഫ്, സെറാഫിയേൽ തെരേസ് ജസ്റ്റിൻ, സിസി കുഞ്ഞച്ചൻ, അജിത്ത് ജോസ്, സിമി എന്നിവർ തിരുനാൾ പ്രേസുദേന്തിമാരായിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.