'റഷ്യക്കാര്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു'; പുടിന് ഭീഷണിയാകുമോ ബോറിസ് നദെഷ്ദിന്‍?

'റഷ്യക്കാര്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു';  പുടിന് ഭീഷണിയാകുമോ ബോറിസ് നദെഷ്ദിന്‍?

പ്രസിഡന്റായാല്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം
പുടിന്റെ രാഷ്ട്രീയ എതിരാളികളെ മോചിപ്പിക്കും

മോസ്‌കോ: വ്‌ളാഡിമിര്‍ പുടിന്റെ അപ്രമാദിത്തത്തിന് തടയിടാന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബോറിസ് നദെഷ്ദിനാകുമോ എന്നാണ് ലോക രാജ്യങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. റഷ്യയില്‍ മാര്‍ച്ചില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. പുടിനെ വീണ്ടും പ്രസിഡന്റായി വാഴിക്കാനുള്ള വോട്ടെടുപ്പെന്ന് സ്വതന്ത്ര നിരീക്ഷകര്‍ വിമര്‍ശിക്കുന്ന തിരഞ്ഞെടുപ്പില്‍ കടുത്ത പുടിന്‍ വിരുദ്ധ നിലപാടുകള്‍ക്ക് പേരുകേട്ട ബോറിസ് നദെഷ്ദിന്‍ വലിയ ഭീഷണി ഉയര്‍ത്തില്ലെന്നും അഭിപ്രായമുണ്ട്

റഷ്യക്കാര്‍ക്കിടയില്‍ ബോറിസിന് വലിയ പിന്തുണയുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് തടയപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. വ്‌ളാഡിമിര്‍ പുടിനെതിരെ മത്സരിക്കുന്നതില്‍ നിന്ന് പല രാഷ്ട്രീയ എതിരാളികള്‍ക്കും അപ്രഖ്യാപിത വിലക്കുണ്ട്. ചിലര്‍ രാജ്യത്തിനു പുറത്താണ്. കടുത്ത പുടിന്‍ വിമര്‍ശകനായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയാകട്ടെ ജയിലിലുമാണ്.

നിലവിലെ സാഹചര്യത്തില്‍ വ്‌ളാഡിമിര്‍ പുടിന്റെ വിജയം ഉറപ്പാണ്. സ്വതന്ത്ര മാധ്യമങ്ങളും ഇല്ലാത്തത് പുടിന് അനുകൂല ഘടകമാണ്.

യുദ്ധം വേണ്ട

റഷ്യ-ഉക്രെയ്ന്‍ യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ബോറിസിന്റെ ആഹ്വാനമാണ് അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കുന്നത്. സമാധാനത്തിനായുള്ള തന്റെ ആഹ്വാനങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന പിന്തുണയും ആയിരക്കണക്കിന് വ്യക്തികളില്‍ നിന്ന് ലഭിച്ച സാമ്പത്തിക സംഭാവനകളും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം മത്സരിക്കാനുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്.

വ്‌ളാഡിമിര്‍ പുടിന്‍ പത്രിക നല്‍കി ദിവസങ്ങള്‍ക്കു ശേഷം ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് ബോറിസ് നദെഷ്ദിന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു.

തന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും പുടിന്‍ തന്നെ ഭയപ്പെടുന്നുവെന്നാണ് ബോറിസിന്റെ വിശ്വാസം. അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ പുടിന്‍ ശ്രമിക്കാമെന്ന കണക്കുകൂട്ടലും അദ്ദേഹത്തിനുണ്ട്.



ആറാം തവണയാണ് വ്‌ളാഡിമിര്‍ പുടിന്‍ അധികാരത്തിലേക്ക് വരാനൊരുന്നത്. പുടിന്‍ തന്നെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനി രണ്ടു തവണ കൂടി മത്സരിക്കാം. 2036 വരെ അധികാരത്തില്‍ തുടരാം. പ്രധാനമന്ത്രിയും പ്രസിഡന്റുമായി 1999 മുതല്‍ അധികാരത്തില്‍ തുടരുകയാണ് പുടിന്‍.

തന്റെ യുദ്ധവിരുദ്ധ നിലപാട് മൂലം പോളിങ്ങില്‍ വളരെയധികം ഉയരത്തിലെത്താന്‍ കഴിയുമെന്ന് ബോറിസ് ഓസ്‌ട്രേലിയന്‍ മാധ്യമമായ എബിസിയോട് പറഞ്ഞു. 'റഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ പ്രസിഡന്റിനെ മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് തനിക്ക് ഉറപ്പുണ്ട്, റഷ്യ സമാധാനപരവും സ്വതന്ത്രവുമായ രാജ്യമാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു'.

പുടിന്റെ രാഷ്ട്രീയ എതിരാളികളെ മോചിപ്പിക്കും

താന്‍ പ്രസിഡന്റായാല്‍ ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും തടവിലാക്കപ്പെട്ട അലക്സി നവാല്‍നി, ഇല്യ യാഷിന്‍ തുടങ്ങിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുമെന്നും ബോറിസ് വാഗ്ദാനം ചെയ്യുന്നു.

'യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. ഖാര്‍കിവിലേക്കോ കീവിലേക്കോ റോക്കറ്റുകള്‍ പറക്കാന്‍ അനുവദിക്കരുത്. ആളുകള്‍ പരസ്പരം കൊല്ലുന്നത് അവസാനിപ്പിക്കണം'.

യുദ്ധ വിരുദ്ധ നിലപാടുള്ള മുന്‍ ടിവി ജേണലിസ്റ്റ് യെകറ്റെറിന ഡന്റ്സോവ, ജയിലില്‍ കിടക്കുന്ന മുന്‍ സൈനിക കമാന്‍ഡറും പുടിന്‍ വിമര്‍ശകനുമായ ഇഗോര്‍ ഗിര്‍ക്കിന്‍ എന്നിവരെ മത്സരിക്കുന്നതില്‍ നിന്ന് ഇതിനകം തന്നെ വിലക്കി.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമല്ലെന്നും ബോറിസ് ആരോപിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഭരണകൂടത്തിന്റെ നിയന്ത്രത്തിലുള്ള റഷ്യന്‍ ടിവിയില്‍ നിന്ന് തന്നെ വിലക്കിയതായി അദ്ദേഹം പറയുന്നു.

തന്നെ മത്സരിക്കാന്‍ അനുവദിച്ചാല്‍, ഈ ചാനലിന് വീണ്ടും തന്നെ ടിവിയില്‍ അവതരിപ്പിക്കേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. അതിലൂടെ തന്റെ യുദ്ധവിരുദ്ധ വീക്ഷണങ്ങള്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാരോട് സംസാരിക്കാന്‍ സാധിക്കും.

അതേസമയം, എതിരാളികളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്നുവെന്ന് ആരോപണമുള്ള പുടിനെതിരേ മത്സരിക്കാനിറങ്ങുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ചും ബോറിസ് ബോധവാനാണ്. വ്‌ളാഡിമിര്‍ പുടിനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ധൈര്യം കാണിച്ച ഏക റഷ്യന്‍ നേതാവായ അലക്‌സി നവാല്‍നി വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. സംശയത്തിന്റെ സൂചിമുനകള്‍ തിരിയുന്നത് പുടിന്റെ നേരെയാണ്.

വ്‌ളാഡിമിര്‍ പുടിന്റെ അപ്രീതി സമ്പാദിച്ചവര്‍ക്കു വിഷബാധയേല്‍ക്കുകയും അവരില്‍ ചിലര്‍ മരിക്കുകയും മറ്റു ചിലര്‍ മാസങ്ങളോളം മരണവുമായി മല്ലിടേണ്ടിവരികയും ചെയ്ത സംഭവങ്ങളുടെ ഒരു നീണ്ട ചരിത്രമുണ്ട്.

തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് തന്റെ കുടുംബവുമായും തന്നോട് അടുപ്പമുള്ളവരുമായും ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഒരിക്കലും പുടിനെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ മാത്രമാണ് വിമര്‍ശിക്കുന്നത'്.

പ്രതീക്ഷ' എന്നതിന്റെ റഷ്യന്‍ പദമാണ് നദെഷ്ദിന്‍. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് എഞ്ചിനീയറും ഗവേഷകനുമായിരുന്നു ബോറിസ് നദെഷ്ദിന്‍. 1990കളുടെ തുടക്കം മുതല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. റഷ്യന്‍, ഉക്രെയ്ന്‍, പോളിഷ്, റൊമാനിയന്‍, ജൂത പാരമ്പര്യമുള്ളയാളാണ് ബോറിസ്. രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളില്‍ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൂടാതെ റഷ്യന്‍ മാധ്യമങ്ങളില്‍ പതിവായി കമന്റേറ്ററുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.