മോസ്‌കോ: ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചയാളെന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി റഷ്യന്‍ ബഹിരാകാശ സഞ്ചാരി ഒലേഗ് കൊനോനെങ്കോ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അഞ്ച് യാത്രകളില്‍ നിന്നായി ആകെ 878 ദിവസവും 12 മണിക്കൂറിലേറെയും ചെലവഴിച്ചാണ് ഒലേഗ് റെക്കോര്‍ഡ് സ്ഥാപിച്ചത്. റഷ്യയുടെ തന്നെ ഗെന്നഡി ഇവാനോവിച്ച് പദല്‍ക്കയുടെ റെക്കോര്‍ഡാണ് ഒലേഗ് തകര്‍ത്തത്.
878 ദിവസവും 11 മണിക്കൂറും 29 മിനിറ്റ്, 48 സെക്കന്റ് ആണ് ഗെന്നഡി ബഹിരാകാശത്തില്‍ തങ്ങിയത്. ഞായറാഴ്ച രാവിലെ 8.30ന് ഒലേഗ് ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ജൂണ്‍ അഞ്ചാം തീയതിയോടെ ബഹിരാകാശത്ത് 1,000 ദിവസം തികയ്ക്കുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് ഒലേഗ് സ്വന്തമാക്കും. ഇതിന് ശേഷം മാത്രമേ ഭൂമിയിലേക്ക് തിരിച്ചെത്തുകയുള്ളു.
ഭൂമിയില്‍ നിന്ന് 263 മൈല്‍ (423) കിലോമീറ്റര്‍ അകലെയുള്ള സ്പേസ് സ്റ്റേഷനിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹത്തിന് വേണ്ടിയാണ് ഞാന്‍ ബഹിരാകാശത്തേക്ക് എത്തിയത്. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. എന്റെ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു' - അദ്ദേഹം പറഞ്ഞു.
ഭാരമില്ലായ്മയായിരുന്നു താന്‍ ബഹിരാകാശത്ത് അനുഭവിച്ച പ്രധാന വെല്ലുവിളികളില്‍ ഒന്നെന്ന് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒലേഗ് പറഞ്ഞു. ഭാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി ദിവസവും പരിശീലനം നടത്തി. അതേസമയം, കുടുംബവുമായി അകന്നുനില്‍ക്കുന്നത് തനിക്ക് വേദന നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ കുട്ടികള്‍ അച്ഛന്റെ സാന്നിധ്യമില്ലാതെയാണ് വളരുന്നത്. നഷ്ടപ്പെട്ട സമയം എനിക്ക് തിരിച്ചുകിട്ടില്ല. ആശയവിനിമയ സാങ്കേതിക വിദ്യയില്‍ പുരോഗതിയുണ്ടായിട്ടും ബഹിരാകാശ ദൗത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്തുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
'വീഡിയോ കോളുകള്‍ ബഹിരാകാശ യാത്രികരെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സഹായിക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യയുടെ പുരോഗതിയില്ലായ്മ കാരണം ഓരോ ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പും കൂടുതല്‍ സങ്കീര്‍ണമാകുന്നു. ബഹിരാകാശ യാത്രികരുടെ മേഖല കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. സംവിധാനങ്ങളും പരീക്ഷണങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നു. തയ്യാറെടുപ്പുകള്‍ ലളിതമായിട്ടില്ല' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008-ലാണ് ഒലെഗ് ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയത്. നിലവില്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന് വേണ്ടിയാണ് ഒലെഗ് ബഹിരാകാശ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റഷ്യ, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. റഷ്യയും അമേരിക്കയും തമ്മില്‍ മറ്റു മേഖലകളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്‌പേസ് സ്റ്റേഷന്റെ കാര്യത്തില്‍ സഹകരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.