ഭരണകൂടം മുഖം തിരിച്ചു; നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാശ്മീരിലെ കത്തോലിക്കാ സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

ഭരണകൂടം മുഖം തിരിച്ചു;  നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാശ്മീരിലെ കത്തോലിക്കാ സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

ശ്രീനഗര്‍: ബ്രിട്ടീഷുകാരുടെ കാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ജമ്മു കാശ്മീരിലെ കത്തോലിക്കാ സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. ബാരാമുള്ള ജില്ലയിലെ 119 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഭരണകൂടത്തിന്റെ നിസംഗത മൂലം അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നത്.

സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പാട്ടം അധികൃതര്‍ പുതുക്കി നല്‍കാത്തതാണ് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്‌കൂളിനെ പ്രതിസന്ധിയിലാക്കിയത്. കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ 12 വരെ 3,000 ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണിത്.

'സ്‌കൂളിന്റെ ഭൂമി പാട്ടത്തിന്റെ കാലാവധി 2018 ല്‍ അവസാനിച്ചിരുന്നു. ഞങ്ങള്‍ പുതുക്കലിനായി അപേക്ഷിച്ചു. പക്ഷേ സര്‍ക്കാര്‍ ഇതുവരെ അത് പരിഗണനയിലെടുത്തിട്ടില്ല. കാലതാമസം കാരണം ഞങ്ങളുടെ വിദ്യാര്‍ഥികളെ അവരുടെ അവസാന പരീക്ഷയ്ക്ക് ഹാജരാക്കാന്‍ ജമ്മു കാശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല'- ജമ്മു-ശ്രീനഗര്‍ രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഫാ. ഷൈജു ചാക്കോ പറഞ്ഞു.


ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ 700 ഓളം വിദ്യാര്‍ഥികളെ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രൂപതാ അധികാരികള്‍ ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പരീക്ഷകള്‍ നടത്തുന്നു. എന്നാല്‍ ഒമ്പത് മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡില്‍ എന്റോള്‍ ചെയ്യണം. ഇത് സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല.

ഒരു മാസം മുമ്പ് തങ്ങള്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ സമീപിക്കുകയും തുടര്‍ നടപടികള്‍ക്ക് അദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്ന് ഫാ. ഷൈജു പറഞ്ഞു.

ലൈസന്‍സ് പുതുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ സ്‌കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. രക്ഷാകര്‍തൃ സംഘട സര്‍ക്കാര്‍ അധികാരികളോടും സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനോടും വിദ്യാര്‍ഥികളെ എന്റോള്‍ ചെയ്യാന്‍ അനുമതി തേടിയെങ്കിലും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.