ഭോപ്പാല്‍: മധ്യപ്രദേശിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
മധ്യപ്രദേശിലെ ഹര്‍ദയില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവര്‍ക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് അദേഹം എക്സിലൂടെ അറിയിച്ചു.
സ്ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ 60 ഓളം പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും അദേഹം അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ആംബുലന്‍സുകളുടേയും ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായവും തേടിയിട്ടുണ്ട്. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത പ്രതികരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഇന്ന് രാവിലെ 11. 30 ഓടെയാണ് പടക്കനിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ സ്ഫോടനം നടന്നത്. പതിനൊന്ന് പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി തവണ പൊട്ടിത്തെറി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹര്‍ദയിലാണ് അപകടമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.