അപകടത്തില്‍ മകനെ കാണാതായി; വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് മുന്‍ ചെന്നൈ മേയര്‍

 അപകടത്തില്‍ മകനെ കാണാതായി; വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് മുന്‍ ചെന്നൈ മേയര്‍

ചെന്നൈ: വാഹനാപകടത്തില്‍ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുന്‍ മേയര്‍. ഹിമാചല്‍ പ്രദേശില്‍ വിനോദ യാത്രയ്ക്ക് പോയ വെട്രി ദുരൈസാമിയെ (45)യാണ് ഞായറാഴ്ച സത്‌ലജ് നദിയില്‍ കാണാതായത്. മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പിതാവും മുന്‍ ചെന്നൈ മേയറുമായ സെയ്ദെ ദുരൈസാമി.

ചെന്നൈയിലേക്ക് തിരിച്ച് വരുന്ന വഴിക്ക് ഹൈവേയില്‍ നിന്ന് വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടത്തിന് കാരണമായത്. വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് 200 മീറ്ററോളം താഴ്ചയില്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഗോപിനാഥിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു.

പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പെട്ട ആളുകള്‍ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ് സെയ്‌ദെ ദുരൈസാമി. പാരിതോഷികത്തേക്കുറിച്ച് പ്രദേശവാസികളെ അറിയിക്കണമെന്നും അവരുടെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കണമെന്നും അദേഹം പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം വെട്രിയെ കാണാതായി രണ്ട് ദിവസം പിന്നിടുമ്പോള്‍ സത്ലജ് നദിയില്‍ നിന്ന് പൊലീസിന് ഒരു വ്യക്തിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു. വെട്രിയെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇദേഹത്തിന്റേതാണോ എന്ന സംശയത്തിലാണ് പൊലീസ്. നേവി സ്‌പെഷ്യല്‍ ഡൈവേഴ്‌സും എന്‍ഡിആര്‍എഫും പൊലീസും ഉള്‍പ്പടെയാണ് തിരച്ചിലിന് ഇറങ്ങിയിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ താപനിലയും തിരച്ചില്‍ ദുഷ്‌കരമാക്കുന്നതായി ഹിമാചല്‍ പ്രദേശ് പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.