സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൂടേ?.. സുപ്രധാന ചോദ്യവുമായി സുപ്രീം കോടതി

സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൂടേ?.. സുപ്രധാന ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കിക്കൂടേയെന്ന സുപ്രധാന ചോദ്യമുന്നയിച്ച് സുപ്രീം കോടതി. ഏഴംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഈ നീരീക്ഷണം മുന്നോട്ടു വെച്ചത്.

സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രം നാഥ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും എസ്.സി, എസ്.ടി സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം.

ഒരാള്‍ക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാല്‍ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികള്‍ക്കോ മറ്റു സാമൂഹിക സാഹചര്യത്തില്‍ നിന്ന് മാറ്റം ഉണ്ടാകുമ്പോള്‍ പിന്നെ എന്തിനാണ് വീണ്ടും തലമുറകള്‍ക്ക് സംവരണം നല്‍കുന്നതെന്ന് വാദത്തിനിടെ ഭരണഘടനാ ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആര്‍ ഗവായ് ചോദിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ഉള്ളത്. ഹര്‍ജിയില്‍ ഇന്നും വാദം തുടരും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.