കെ.സുധാകരന്‍ നേതൃപദവിയിലേക്ക്; 23ന് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ്

 കെ.സുധാകരന്‍ നേതൃപദവിയിലേക്ക്; 23ന് ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ് കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായേക്കും. 23 ന് ഡല്‍ഹിയിലെത്താന്‍ സുധാകരനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതോടെ ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായി. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി നിയമിതനായതിന് പിന്നാലെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് സുധാകരനും കൂടി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ മുഖം തന്നെ മാറും.

താല്‍ക്കാലിക പ്രസിഡന്റാകാനില്ലെന്നും മുഴുവന്‍ സമയ പ്രസിഡന്റായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സുധാകരന്‍ ഹൈക്കാമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഏ.കെ ആന്റണി അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കെ. സുധാകരനെ നേതൃപദവിയിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. കെ.പി.സി.സി. പ്രസിഡന്റ് പദവി മോഹിക്കുന്നില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും കെ. സുധാകരന്‍ എം.പി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ടെന്നും കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ സത്യസന്ധമായി അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റാകാന്‍ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. താല്‍കാലിക അധ്യക്ഷനാകാന്‍ ഒരു ധാരണയും ഉണ്ടായിട്ടില്ല. പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലെ അംഗമാണ് താന്‍. ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പിന്റെ മുന്നില്‍ നിര്‍ത്തുന്നത് ആത്മവിശ്വാസത്തോടെയാണ്. അതില്‍ അഭിപ്രായവ്യത്യാസമില്ലന്നും സുധാകരന്‍ പറഞ്ഞു. അതിനിടെ, ഉമ്മന്‍ ചാണ്ടി ചെയര്‍മാനായായ പ്രചാരണ സമിതി ഇന്നലെ നിലവില്‍ വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.