ഇസ്ലാമാബാദ്: പാർലമെൻ്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ബലൂചിസ്ഥാനിൽ സ്ഫോടന പരമ്പര. തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് സമീപം നടന്ന സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിഷിൻ ജില്ലയിൽ നോക്കാന്ദി മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ക്വില്ല സെയ്ഫുല്ലാഹ് ജില്ലയിലാണ് മറ്റൊരു സ്ഫോടനം നടന്നത്. ഇവിടെ 12 പേർ കൊല്ലപ്പെട്ടെന്നാണ് സൂചന. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അടുത്തിടെ രാജ്യത്ത് പ്രത്യേകിച്ച് ബലൂചിസ്ഥാനിൽ തീവ്രവാദി ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് സമാധാനം ഉറപ്പാക്കാൻ പതിനായിരക്കണക്കിന് പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും നിയമിച്ചെങ്കിലും പാക്കിസ്താനിലുടനീളം ബോംബാക്രമണം തുടരുകയാണ്. അഫ്ഗാനിസ്ഥാൻ്റെയും ഇറാൻ്റെയും അതിർത്തിയിലുള്ള ബലൂചിസ്ഥാൻ പ്രവിശ്യ രണ്ട് പതിറ്റാണ്ടിലേറെയായി കലാപത്തിൻ്റെ വേദിയാണ്.
ഒരു വർഷത്തെ രാഷ്‌ട്രീയ അനശ്ചിതത്വത്തിന് ശേഷമാണ് പാകിസ്താനിൽ നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. പാകിസ്താൻ നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തിന്റെ രാഷ്‌ട്രീയ അനാഥത്വം ആഗോളതലത്തിൽ പ്രതിച്ഛായക്ക് കടുത്ത മങ്ങലേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് നീട്ടി വെക്കുകയായിരുന്നു.
16-ാമത് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലീം ലീഗ് -എൻ, മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന പാർട്ടികൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.