ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പാർലമെന്റിലേക്കും നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് വിദേശത്ത് പ്രവാസത്തിൽ കഴിഞ്ഞ പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് ഷെരീഫും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം. ജയിലില്‍ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ മത്സര രംഗത്തില്ല.
രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ നീളും. കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെയാണ് പാകിസ്താൻ ഇന്ന് പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 13 കോടി വോട്ടർമാരാണ് 266 എംപിമാരെ തിരഞ്ഞെടുക്കുന്നത്.
6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീവോട്ടർമാരുമാണുള്ളത്. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളതും ഈ പ്രാവശ്യമാണ്. 167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി 5121 പേരാണ് മത്സര രംഗത്തുള്ളത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രവിശ്യകൾ.
അതേ സമയം ഇന്നലെ ബലൂചിസ്താനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനായായ ഐഎസ് ഐഎസ് ഏറ്റെടുത്തു. സെയ്‌ഫുള്ളയിൽ മോട്ടോർ സൈക്കിൾ പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം നടന്നത്. ഭീകര സംഘടന ടെലഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് ഓഫിസുകൾക്ക് സമീപം നടന്ന സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.