അവകാശ വാദവുമായി അവസാനം എം.പി ജോസഫും രംഗത്ത്.
കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാമെന്ന് യുഡിഎഫില്‍ ഏകദേശ ധാരണ ആയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി നേതാക്കളാണ് രംഗത്ത് വരുന്നത്.
മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി തോമസ്, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ഏറ്റുമാനൂര്‍ നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞ തവണ വി.എന്‍ വാസവനോട് തോറ്റ പ്രിന്‍സ് ലൂക്കോസ് തുടങ്ങിയവരൊക്കെ സീറ്റ് മോഹവുമായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിനെ സമീപിച്ചിരുന്നു.
അവസാനം ഫ്രാന്‍സിസ് ജോര്‍ജിന് നറുക്ക് വീണേക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി ജോസഫിന്റെ വരവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല.
കെ.എം മാണിയുടെ മരുമകനാണെങ്കിലും പാര്‍ട്ടി ഏറ്റവും ഒടുവില്‍ പിളര്‍ന്നപ്പോഴും ജോസ് കെ. മാണിയെ വിട്ട് പി.ജെ ജോസഫിനൊപ്പം നിലയുറപ്പിച്ച വ്യക്തിയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ എം.പി ജോസഫ്.
കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും ജയസാധ്യത തനിക്കാണെന്നാണ് എം.പി ജോസഫ് പറയുന്നത്. തനിക്ക് ക്ലീന്‍ ഇമേജുണ്ട്. അത് ചെറുപ്പക്കാര്‍ക്കിടയില്‍ മുന്‍തൂക്കം കിട്ടാന്‍ സഹായിക്കും. എപ്പോഴും യുഡിഎഫില്‍ ഉറച്ച് നിന്ന വ്യക്തിയാണ് താന്‍. എവിടേക്കും പോകില്ലെന്നും പ്രാന്‍സിസ് ജോര്‍ജിനെതിരെ ഒളിയമ്പെയ്തു കൊണ്ട് എം.പി ജോസഫ് പറയുന്നു.
കോട്ടയത്തെ വോട്ടര്‍മാരില്‍ 60 ശതമാനം 35 വയസിന് താഴെയുള്ളവരാണ്. അവര്‍ക്കിടയില്‍ ഐഎഎസ് എന്നത് വലിയ കാര്യമാണ്. ഐഎസ്എസുകാരാനായി ഏറെ കാലം പ്രവര്‍ത്തിച്ച തന്നെ അവര്‍ ഇഷ്ടപ്പെടും. ഡല്‍ഹി ഐഎഎസുകാരുടെ കേന്ദ്രമാണ്. ഡല്‍ഹിയിലെ സുപ്രധാന പദവികളില്‍ ഇരിക്കുന്നവരെല്ലാം തന്റെ ജൂനിയേഴ്സ് ആണെന്നും എം.പി ജോസഫ് അവകാശപ്പെട്ടു.
കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കേരളത്തിനും വേണ്ടി ഏത് കാര്യവും വേഗത്തില്‍ ചെയ്യാന്‍ തനിക്ക് സാധിക്കും. തന്റെ കാര്‍ഡ് കൊടുത്താല്‍ കയറാന്‍ പറ്റാത്ത ഓഫീസ് ഡല്‍ഹിയിലില്ല. 40 വര്‍ഷത്തെ സര്‍വീസ് പരിചയമുണ്ട്. വിവിധ പദ്ധതികള്‍ നേടിയെടുക്കാന്‍ എങ്ങനെ, എവിടെ സംസാരിക്കണമെന്ന് തന്നെ പോലെ ആര്‍ക്കും അറിയില്ല.
ഹിന്ദി തനിക്ക് നന്നായി വഴങ്ങും. ചെറുപ്പം മുതലേ സ്‌കൂളില്‍ ഹിന്ദി പഠിച്ചിരുന്നു. ഡല്‍ഹിയിലേക്ക് മാറിയപ്പോഴും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചത്. പാര്‍ലമെന്റില്‍ അതെല്ലാം ഗുണം ചെയ്യും. യു.എന്നില്‍ 20 വര്‍ഷം പ്രവര്‍ത്തിച്ചു. ശശി തരൂരിന്റെ അടുത്ത് താനെത്തില്ല. എങ്കിലും പി ഫൈവ് റാങ്കില്‍ എത്തിയാണ് താന്‍ മടങ്ങിയത്. അതെല്ലാം ചെറുപ്പാക്കാര്‍ക്കിടയില്‍ തനിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഘടകമാണെന്നും എം.പി ജോസഫ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.