സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ക്രൈസ്തവ സഭയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ സിബിസിഐ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരും.

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടക്കപ്പെട്ടതിന് ശേഷം പ്രധാനമന്ത്രിയെ കണ്ടു എന്ന് മാത്രമേയുള്ളൂവെന്നും കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും അദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂരിലും രാജ്യത്ത് പലയിടത്തും ക്രൈസ്തവവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന അക്രമങ്ങള്‍ ചര്‍ച്ചയായില്ലെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ സന്ദര്‍ശനമായിരുന്നില്ല. ഒരു കോര്‍ഡിയല്‍ വിസിറ്റ് ആയിട്ടാണ് ഇതിനെ കണ്ടത്. അതുകൊണ്ട് അങ്ങനെയുള്ള വിഷയങ്ങളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.

അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാന്‍ താന്‍ ആഗ്രഹിച്ചതുമില്ല. പ്രധാനമന്ത്രിയും അക്കാര്യം പരാമര്‍ശിച്ചില്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. സഭയെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷ സമൂഹമെന്ന നിലയ്ക്കും ക്രൈസ്തവ സമൂഹമെന്ന നിലയ്ക്കുമുള്ള ചില അനുഭവങ്ങളും പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുമെല്ലാം ബംഗളുരുവില്‍ കൂടിയ സിബിസിഐ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

അതൊന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയമായില്ല. ക്രൈസ്തവ സഭയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിനെ കണ്ട് പറയാന്‍ സിബിസിഐ തീരുമാനമെടുത്തിട്ടുണ്ട്. സിബിസിഐ മൂന്നു സഭകളുടെ കൂടി സംവിധാനമാണ്. ആ സംവിധാനം വഴി ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടു വരും.

താന്‍ ഒരു കത്തോലിക്ക സഭയുടെ മെത്രാന്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയെ കാണാന്‍ വന്നത്. എല്ലാ സഭകളെയും സംബന്ധിക്കുന്ന വിഷയം സിബിസിഐയുടെ ഭാരവാഹികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മാര്‍പാപ്പ ഇന്ത്യയില്‍ വരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.