കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാൻ പഠിപ്പിച്ച ഫാദർ ജോർജ് പ്ലാശേരി ഇനി ഓർമ

കമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാൻ പഠിപ്പിച്ച ഫാദർ ജോർജ് പ്ലാശേരി ഇനി ഓർമ

വിവരസാങ്കേതികവിദ്യാ വിപ്ലവത്തിലേക്ക് മലയാള ഭാഷയെ കൈപിടിച്ച് കയറ്റിയ മലയാളം കമ്പ്യൂട്ടർ അക്ഷരങ്ങളുടെ പിതാവായിരുന്ന ഫാദർ ജോർജ് പ്ലാശേരി സിഎംഐ ഇനി ഓർമ്മ. ആഴത്തിലുള്ള കംപ്യൂട്ടർ പരിജ്ഞാനത്തിലൂടെ മലയാള ഭാഷയിൽ സ്വന്തമായി സോഫ്റ്റ്‌വെയർ തയാറാക്കിയായിരുന്നു അച്ഛന്റെ പരീക്ഷണങ്ങൾ.

1988 ൽ കമ്പ്യൂട്ടർ പഠിക്കാൻ സഭ ഫാദർ പ്ലാശേരിയെ അമേരിക്കയ്ക്ക് അയച്ചു. അമേരിക്കയിൽ കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നപ്പോൾ കണ്ടത് അത്ഭുത സാങ്കേതിക വിദ്യയുടെ ലോകം. കുട്ടികൾ വരെ കംപ്യൂട്ടറിൽ അതിവേഗം കാര്യങ്ങൾ ചെയ്യുന്നു. അവിടെവച്ച് ഇംഗ്ലിഷ്‌ ഫോണ്ട് നിർമിക്കുന്നതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. ഇംഗ്ലിഷിലെ എ ഉണ്ടാക്കാമെങ്കിൽ അതേ മാതൃകയിൽ മലയാളത്തിലെ ‘അ’ ഉണ്ടാക്കാൻ കഴിയില്ലേ എന്ന ചോദ്യം മനസിൽ ഉയർന്നു. 'റ' എന്ന അക്ഷരം കൂട്ടിച്ചേർത്താൽ മലയാളത്തിലെ മുക്കാൽ പങ്ക് അക്ഷരവുമുണ്ടാക്കാമെന്ന് അവിടെവെച്ച് പ്ലാശേരി  മനസിലാക്കി.

അങ്ങനെ പ്ലാശേരി ഫോണ്ട് 'റ' യിൽ രൂപംകൊണ്ടു. എംവൈഎം പ്ലാശേരി എന്നാണ് ആദ്യം ഫോണ്ടിന് നൽകിയ പേര്. ഫോണ്ട് രൂപീകരിച്ചു കഴിഞ്ഞ് അച്ചൻ ആദ്യം ചെയ്ത ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് തയാറാക്കിയ ക്രിസ്തുമസ് ആശംസ കാർഡ് സഭയുടെ പ്രൊവിൻഷ്യലിന് അയച്ച് കൊടുത്തു. അങ്ങനെ ആദ്യത്തെ മലയാളം കംപ്യൂട്ടർ ഫോണ്ടിൽ എഴുതിയ സന്ദേശം അമേരിക്കയിൽ നിന്നും കേരളത്തിലെത്തി.

1997ൽ അമേരിക്കയിൽ നിന്ന് മടങ്ങുമ്പോൾ ഒരു മലയാളി പ്രൊഫസർക്ക് ഈ ഫോണ്ട് ഉപയോഗിക്കാനുള്ള അവകാശം സൗജന്യമായി നൽകി. നാട്ടിൽ തിരിച്ചെത്തിയ അദേഹത്തെ സഭ നിയോഗിച്ചതു തമിഴ്‌നാട്ടിലായിരുന്നു. തമിഴ്‌നാട്ടിൽ കോളജിൽ പഠിപ്പിക്കുമ്പോൾ തമിഴ് ഫോണ്ടും തയാറാക്കി. പിന്നീട് എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ ജോലിക്ക് എത്തിയപ്പോൾ ഹിന്ദി ചോദ്യപേപ്പർ തയാറാക്കുന്നതിലെ ബുദ്ധിമുട്ട് കണ്ടറിഞ്ഞു. ചോദ്യപേപ്പർ അച്ചടിക്കുന്നതിന് വലിയ തുക കൊടുക്കേണ്ടിവരുന്നു. മൂന്നു മാസം കൊണ്ട് ഹിന്ദി ഫോണ്ടും ഉണ്ടാക്കി.

ഇരിങ്ങാലക്കുട രൂപതയിലെ താഴെക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗമാണ്. കണ്ണിക്കര പ്ലാശേരി ചാതേലി മാത്യുവിന്റെയും മറിയത്തിന്റെയും മൂത്ത മകനായി 1944 ജൂലൈ ആറിനാണ് ജനനം. കണ്ണിക്കര സെന്റ് പോൾസ് എൽപിഎസ്, ആളൂർ ആർഎംഎച്ച്എസ് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പതിനഞ്ചാം വയസിൽ സിഎംഐ സഭയിൽ വൈദിക പഠനത്തിനു ചേർന്നു. തുടർന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പ്രീ ഡിഗ്രിയും ഫിസിക്സിൽ ബിരുദവും നേടി.

1974 ഡിസംബർ 28 ന് വൈദിക പട്ടം സ്വീകരിച്ചു. കുസാറ്റിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി. കാലിക്കറ്റ് സർവകലാശാലയിലാണ് എംഫിൽ പൂർത്തിയാക്കിയത്. ഇതിന് ശേഷമാണ് കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ ആരംഭ കാലത്ത് അതിൽ ഉപരിപഠനത്തിനായി 1988 ൽ യുഎസിലെത്തിയത്.

ഫിലാ‍ഡൽഫിയ രൂപതയുടെ കീഴിലുള്ള രണ്ട് ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗ്രാഫിക് ഡിസൈനിങിൽ താൽപര്യമുണ്ടായിരുന്ന ഫാദർ ജോർജ് 1990–92 കാലത്ത് മൂന്ന് കമ്പ്യൂട്ടർ ഗെയിമുകൾക്കും രൂപം നൽകി. കോയമ്പത്തൂരിലെ ലിസിയക്സ് മെട്രിക്കുലേഷൻ ഹൈസ്കൂളിലും എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലും കമ്പ്യൂട്ടർ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 2000–10 കാലഘട്ടത്തിൽ സെന്റ് അലോഷ്യസ് കോളജിലെ ബർസാറായിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജിലും ഫിസിക്സ് പ്രഫസറായിരുന്നു. പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ തുടക്കമായിരുന്നു. അതിന്റെ ഭാഗമായുള്ള പരിപാടികൾ പുരോഗമിക്കുമ്പോഴാണ് വിയോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.