മോസ്‌കോ: റഷ്യന്‍ പ്രഡിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകനും ഉക്രെയ്‌നുമായുള്ള യുദ്ധത്തെ പരസ്യമായി എതിര്‍ക്കുകയും ചെയ്ത ബോറിസ് നദെഷ്ദിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്ക്. മാര്‍ച്ച് 15 മുതല്‍ 17 വരെ നടക്കുന്ന പ്രഡിഡന്റ് തിരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കാന്‍ ഒരുങ്ങുകയായിരുന്ന നദെഷ്ദിന് (60) തിരഞ്ഞെടുപ്പു കമ്മിഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ഉക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശത്തെ എതിര്‍ക്കുകയും ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നയാളാണ് നദെഷ്ദിന്‍.
നാമനിര്‍ദേശ പത്രികയില്‍ പിന്തുണയ്ക്കുന്നവരുടെ ഒപ്പുകളില്‍ കൃത്രിമം കണ്ടെത്തിയെന്നാണ് കമ്മിഷന്‍ വ്യക്തമാക്കിയത്. റഷ്യയിലെ നിയമമനുസരിച്ച് ഒരു ലക്ഷം പേരുടെ പിന്തുണയാണ് പത്രികയില്‍ കാണിക്കേണ്ടത്. നദെഷ്ദിന്‍ ഹാജരാക്കിയ 105,000 ഒപ്പുകളില്‍ ഒമ്പതിനായിരത്തോളം ഒപ്പുകള്‍ ആധികാരികമല്ലെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ടെത്തല്‍. അതേസമയം, തീരുമാനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് നദെഷ്ദിന്‍ പറഞ്ഞു. രണ്ടു ലക്ഷത്തോളം പേര്‍ തന്നെ പിന്തുണയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ രാഷ്ട്രീയത്തിലെ തീരുമാനങ്ങള്‍ നിര്‍ഭാഗ്യവശാല്‍ നിയമം മൂലമല്ലല്ലെന്ന് ബോറിസ് നദെഷ്ദിന്‍ ബിബിസിയോട് പറഞ്ഞു. സ്വേച്ഛാധിപത്യത്തിന്റെ പാതയില്‍ റഷ്യ തുടരാന്‍ ആഗ്രഹിക്കാത്ത ദശലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ ഇതിനകം തനിക്കു ലഭിച്ചതായും നദെഷ്ദിന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ പങ്കെടുക്കാം എന്ന കാര്യത്തില്‍ ശനിയാഴ്ച അന്തിമ തീരുമാനമുണ്ടാകും, എന്നാല്‍ ബാലറ്റില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് ഇതിനകം വ്യക്തമായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. അതേസമയം അന്തിമഫലം പുടിന് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.