പാകിസ്ഥാനില്‍ തൂക്കുസഭ: 97 സീറ്റുകളുമായി ഇമ്രാന്റെ പാര്‍ട്ടി മുന്നില്‍; സഖ്യ സര്‍ക്കാരിനായി നവാസ്-ബിലാവല്‍ ചര്‍ച്ച

പാകിസ്ഥാനില്‍ തൂക്കുസഭ: 97 സീറ്റുകളുമായി ഇമ്രാന്റെ പാര്‍ട്ടി മുന്നില്‍; സഖ്യ സര്‍ക്കാരിനായി നവാസ്-ബിലാവല്‍ ചര്‍ച്ച

നവാസ് ഷരീഫ്  പ്രധാനമന്ത്രി ആയി സഖ്യത്തിന് തയ്യാറല്ലെന്ന് ബിലാവല്‍ ഭൂട്ടോ.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി.

നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് 72 സീറ്റിലും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ മകനായ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും വിജയിച്ചു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്.

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി നവാസ് ഷെരീഫും ബിലാവല്‍ ഭൂട്ടോയും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

എന്നാല്‍ പ്രധാനമന്ത്രി ആരാവണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നവാസ് പ്രധാനമന്ത്രി ആയി സഖ്യത്തിന് തയ്യാറല്ലെന്ന് ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അറിയിച്ചു.

അതിനിടെ ഒരു വിഭാഗം പിടിഐ സ്വതന്ത്രരെ അടര്‍ത്തി മാറ്റാന്‍ നവാസ് ഷരീഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇമ്രാന്റെ സ്വതന്ത്രര്‍ ഒന്നിച്ച് ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരാനും നീക്കമുണ്ട്.

പല മണ്ഡലങ്ങളിലും ഫല പ്രഖ്യാപനത്തില്‍ അട്ടിമറി നടന്നു എന്ന വാദം ആവര്‍ത്തിക്കുകയാണ് ഇമ്രാന്റെ പാര്‍ട്ടി. അതുകൊണ്ടാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായതെന്നും അവര്‍ വാദിക്കുന്നു.

2022 ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെ നവാസും ബിലാവലും ചേര്‍ന്നുള്ള സഖ്യ സര്‍ക്കാരാണ് പാകിസ്ഥാനില്‍ അധികാരത്തിലേറിയത്. സഖ്യ സര്‍ക്കാറില്‍ ബിലാവല്‍ ഭുട്ടോ വിദേശകാര്യ മന്ത്രിയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.