'ഡല്‍ഹി ചലോ മാര്‍ച്ച്' നാളെ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ ഇന്ന് കേന്ദ്ര ചര്‍ച്ച

 'ഡല്‍ഹി ചലോ മാര്‍ച്ച്' നാളെ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ ഇന്ന് കേന്ദ്ര ചര്‍ച്ച

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ്ജിത ശ്രമം. കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം ഇന്ന് വൈകീട്ട് ചണ്ഡീഗഡില്‍ ചേരും. നാളെയാണ് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ സംഘടനാ നേതാക്കള്‍ക്കാണ് ചര്‍ച്ചയിലേക്ക് ക്ഷണമുള്ളത്.

വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക മുതല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍, കര്‍ഷക പ്രതിഷേധം നേരിടാന്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സര്‍ക്കാരുകള്‍ മുന്നൊരുക്കം തുടങ്ങി. അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെയും അര്‍ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

മാര്‍ച്ചിനായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ഇന്ന് എത്തിച്ചേരുമെന്നത് കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ട്.

കര്‍ഷക മാര്‍ച്ച് കണക്കിലെടുത്ത് പഞ്ച്കുളയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടമായി എസ്എംഎസ് അയക്കുന്നതിനും, ഡോങ്കിള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇരുന്നൂറിലേറെ സംഘടനകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.