അമേരിക്കയില്‍ പള്ളിയിൽ വെടിവയ്പ്പ്; അക്രമിയായ സ്ത്രീയെ വെടിവച്ച് കൊന്നു: രണ്ടു പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ പള്ളിയിൽ വെടിവയ്പ്പ്;  അക്രമിയായ  സ്ത്രീയെ വെടിവച്ച് കൊന്നു: രണ്ടു പേര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണ്‍ നഗരത്തില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ക്ക് പരിക്ക്. അക്രമിയായ വനിതയെ പൊലീസ് വെടിവെച്ച് കൊന്നു. മെഗാ ചര്‍ച്ച് എന്നറിയപ്പെടുന്ന ജോയല്‍ ഓസ്റ്റീന്‍ ലേക്ക്‌വുഡ് ചര്‍ച്ചിലാണ് വെടിവയ്പ്പുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്. ലേക്ക്‌വുഡ് പള്ളിയില്‍ സ്പാനിഷ് ഭാഷയിലുള്ള ശുശ്രൂഷ നടക്കുന്ന സമയത്ത് വലിയ തോക്കുമായി പള്ളിയിലേക്കെത്തിയ സ്ത്രീ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 35-കാരിയായ സ്ത്രീക്കൊപ്പം അഞ്ചു വയസുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു.

യുവതി വെടിയുതിര്‍ത്തതോടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അക്രമിയുടെ കൂടെയുണ്ടായിരുന്ന കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റവരില്‍ കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

പള്ളിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ സ്ത്രീയെ വെടിവെച്ച് കൊല്ലുകയായിരുന്നു. തന്റെ കൈവശം ബോംബുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബാഗും വാഹനവും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്തിനാണ് യുവതി വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. 45000ത്തോളം പേര്‍ ദിവസേന പ്രാര്‍ത്ഥനക്കെത്തുന്ന മെഗാ ചര്‍ച്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളിയാണ് ലേക്ക് വുഡ്. സംഭവത്തില്‍ ടെക്‌സസ് ഗവര്‍ണര്‍ ദുഃഖം രേഖപ്പെടുത്തി.

ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അപകടമൊന്നും ഉണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു. യുവതിയുടെയും കുട്ടിയുടെയും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.