അഭ്യൂഹങ്ങള്‍ക്ക് വിരാമം; മാസങ്ങള്‍ക്ക് ശേഷം ജാക്ക് മാ പ്രത്യക്ഷപ്പെട്ടു

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മാസങ്ങള്‍ക്ക് ശേഷം ജാക്ക് മാ പ്രത്യക്ഷപ്പെട്ടു

ബെയ്‌ജിങ്: മാസങ്ങള്‍ക്ക് ശേഷം ചൈനീസ് ശതകോടീശ്വരൻ ജാക്ക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒക്ടോബറില്‍ പൊതുരംഗത്ത് നിന്ന് ജാക്ക് മായുടെ അപ്രത്യക്ഷമാകല്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സെലിബ്രിറ്റി ബിസിനസുകാരനും ചൈനയിലെ ഏറ്റവും ധനികരിൽ ഒരാളുമായ ജാക്ക് മായുടെ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തെ കാണാതാകുന്നത്.

പിന്നീട് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ മുൻ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ജാക്ക് മാ അധ്യാപകരുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിൽ പങ്കെടുത്തു. ഗ്രാമീണ മേഖലയിലെ അധ്യാപനത്തെ സംബന്ധിച്ച് നടത്തിയ പരിപാടിയെയാണ് ജാക്ക് മാ അഭിസംബോധന ചെയ്തത്. 100ഓളം അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു. ജാക്ക് മാ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ലോക്കല്‍ ബ്ലോഗിലാണ് ജാക്ക് മാ പരിപാടിയില്‍ പങ്കെടുത്ത വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. "ഞാനും എന്റെ സഹപ്രവർത്തകരും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു, വിദ്യാഭ്യാസത്തിനും പൊതുജനങ്ങൾക്കുമായി സ്വയം അർപ്പിക്കാൻ ഞങ്ങൾ കൂടുതൽ ദൃഡ നിശ്ചയത്തിലാണ്. ക്ഷേമം, ഗ്രാമീണ പുനരുജ്ജീവനത്തിനും പൊതു അഭിവൃദ്ധിക്കും വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് ഞങ്ങളുടെ തലമുറയിലെ ബിസിനസുകാരുടെ ഉത്തരവാദിത്തമാണ്.” എന്ന് ജാക്ക് മാ പറഞ്ഞു.

ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ, ആന്റ് ഗ്രൂപ്പ് എന്നിവക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് ജാക്ക് മാ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പിന്റെ 35 ബില്ല്യണ്‍ ഡോളറിന്റെ ഐപിഒ ചൈനീസ് സര്‍ക്കാര്‍ നവംബറില്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ജാക്ക് മായെ കാണാതായത്. തുടര്‍ന്ന് ആന്റിനെതിരെയും ആലിബാബക്കെതിരെയും അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ആലിബാബയുടെയും ആന്റിന്റെയും വളര്‍ച്ചയിലൂടെ ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയ വ്യക്തിയായിരുന്നു ജാക്ക് മാ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.