വത്തിക്കാൻ സിറ്റി: അർജന്റീന സ്വദേശിനിയായ വാഴ്ത്തപ്പെട്ട മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ വിശുദ്ധയായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. ലൂർദ് നാഥയുടെ തിരുനാളും മുപ്പത്തിരണ്ടാം ലോക രോഗീദിനവും ആചരിക്കപ്പെട്ട പതിനൊന്നാം തീയതി ആണ് വാഴ്ത്തപ്പെട്ട മരിയ അന്തോണി ദെ പാസ് യി ഫിഗെറോവയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. ദിവ്യരക്ഷകന്റെ പുത്രികൾ എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് വിശുദ്ധ യൗസേപ്പിന്റെ മരിയ അന്തോണിയ എന്ന് ഇന്നറിയപ്പെടുന്ന വാഴ്ത്ത.
മരുഭൂമികളിലൂടെയും അപകടകരമായ റോഡുകളിലൂടെയും ആയിരക്കണക്കിന് മൈലുകൾ കാൽനടയായി സഞ്ചരിച്ച് ആളുകളെ ദൈവത്തിലേക്ക് കൊണ്ടുവന്ന വിശുദ്ധയെ 'അപ്പസ്തോലിക ആവേശത്തിൻ്റെയും ധൈര്യത്തിൻ്റെയും മാതൃക' എന്ന് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചു. സഹോദരന്മാരേ, ദൈവം നമ്മെ സ്നേഹിക്കുന്നു ... അവനെ സ്പർശിക്കാൻ നാം അവനെ അനുവദിച്ചാൽ, നമുക്കും അവൻ്റെ ആത്മാവിൻ്റെ ശക്തിയാൽ, രക്ഷിക്കുന്ന സ്നേഹത്തിൻ്റെ സാക്ഷികളാകാമെന്ന് മാർപാപ്പ പറഞ്ഞു.
വിശുദ്ധപദവി പ്രഖ്യാപന വേളയിൽ അർജൻ്റീനയുടെ പ്രസിഡൻ്റ് ജാവിയർ മിലിയുമായി മാർപാപ്പ ആദ്യമായി കൂടിക്കാഴ്ച നടത്തി. തൻ്റെ പ്രചാരണ വേളയിൽ മാർപാപ്പയെ അദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പിന്നാലെ മാർപാപ്പ ജപമാല അയച്ച് മിലേയൊടുള്ള സ്ന്ഹേം അറിയിക്കുകയും ചെയ്തിരുന്നു. വിശുദ്ധ കുർബാനക്ക് ശേഷം പ്രസിഡന്റ് മാർപ്പാപ്പയെ ആശ്ലേഷിച്ചു.
ഫ്രാൻസിസ് പാപ്പയെ നിശിതമായി വിമർശിച്ചിട്ടുള്ള വ്യക്തിയാണ് മിലി. പാപ്പയ്ക്കെതിരെ താൻ മുമ്പ് പരസ്യമായി ഉന്നയിച്ച അപമാനങ്ങൾക്കും വിമർശനങ്ങൾക്കും മിലി ക്ഷമാപണം നടത്തിയിരുന്നു. 10 വർഷം മുമ്പ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇറ്റലിക്ക് പുറത്ത് 40 ലധികം യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ജന്മനാടായ അർജന്റീനയിൽ സന്ദർശനം നടത്തിയിട്ടില്ല. രാജ്യത്തെ മെത്രാൻ സമിതിയും മാർപ്പാപ്പയ്ക്ക് കത്ത് നൽകി ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്.
വിശുദ്ധ മരിയ അന്തോണി ദെ പാസ് യി ഫിഗെറോവ
പാപ്പയുടെ ജന്മനാടായ അർജന്റീനയിലെ തുക്കുമാൻ പ്രവിശ്യയിൽ 1730 ലാണ് മരിയ അന്തോണിയയുടെ ജനനം. കൗമരത്തിൽ തന്നെ പ്രാർത്ഥനയിലും ഉപവിപ്രവർത്തനത്തിലും സജീവമായിരുന്നു. ഒരു സന്യാസ സമൂഹത്തിൽ ചേരാതെതന്നെ അവൾ കന്യകാവ്രതം അനുഷ്ഠിക്കുകയും ഇശോസഭായുടേതുപോലുള്ള ഒരു വസ്ത്രധാരണരീതി അവലംബിക്കുകയും ചെയ്തു.
ഇശോസഭാ വൈദികരുടെ ആധ്യാത്മികോപദേശം സ്വീകരിച്ച് അവൾ യുവതികളുടെ ഒരു ചെറുസംഘം രൂപികരിക്കുകയും വിശുദ്ധ ഇഗ്നേഷ്യസ് ലൊയൊളയുടെ ധ്യാനരീതി അവലംബമാക്കി ധ്യാനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുപോന്നു. മരിയ അന്തോണിയ 1786-ൽ ബുവെനോസ് അയിറെസിൽ എത്തുകയും ഒരു ധ്യാനകേന്ദ്രത്തിനു തുടക്കം കുറിക്കുകയും ചെയ്തു. അങ്ങനെയാണ് ദിവ്യരക്ഷകന്റെ പുത്രികൾ എന്ന സന്യാസിനീ സമൂഹത്തിന് തുടക്കം കുറിക്കുന്നത്.
1799 മാർച്ച് ഏഴിന് അറുപത്തിയൊമ്പാതാമത്തെ വയസിൽ ബുവെനോസ് അയിറെസിൽ വച്ച് മരണമടഞ്ഞ മരിയ അന്തോണിയ ദെ പാസ് യി ഫിഗെറോവയെ 2016 ആഗസ്റ്റ് 27 ന് ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. “മാമ അന്തൂള” എന്നും അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മരിയ അന്തോണിയ അർജന്റീനയിൽ നിന്നും വിശുദ്ധ പദത്തിലേക്കുയർത്തപ്പെടുന്ന ആദ്യത്തെ വനിതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.