അബുദാബി: സോമാലിയയില്‍ ഭീകരാക്രമണത്തില്‍ നാല് യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു.  ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. 
ശനിയാഴ്ച രാത്രി സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ജനറല്‍ ഗോര്‍ഡന്‍ സൈനിക താവളത്തിലാണ് ആക്രമണം ഉണ്ടായത്. ഉഭയകക്ഷി കരാറിന്റെ ഭാഗമായി സൊമാലിയന്‍ സായുധസേനയിലെ സൈനികര്‍ക്ക് യു.എ.ഇ. ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിവന്നിരുന്നു. ഇതിനിടെയാണ് സംഭവം. 
ഒരു ബഹ്‌റൈന്‍ സൈനികനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ മൃതദേഹം കഴിഞ്ഞ ദിവസം അബുദാബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ കബറടക്കി. 
ഭീകരാക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ ഭരണാധികാരികള്‍ അനുശോചനം അറിയിച്ചു.
തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൊമാലിയന്‍ സര്‍ക്കാരുമായി യു.എ.ഇ. ഏകോപനവും സഹകരണവും തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.