കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് സംശയം. ഒരു കുടുംബത്തിലെ നാല് പേരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്ക് അടുത്ത് നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
കൊല്ലം സ്വദേശികളായ കുടുംബത്തെയാണ് കാലിഫോർണിയയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെന്റിയുടെ മകൻ ആനന്ദ് സുജിത് ഹെന്റി. ഭാര്യ ആലീസ് പ്രിയങ്ക ഇവരുടെ ഇരട്ടക്കുട്ടികളായ നാല് വയസുള്ള നോഹ, നെയ്തൻ എന്നിവരാണ് മരിച്ചത്.
മരണത്തിന്റെ കാരണത്തെക്കുറിച്ച് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ആലിസിനെ ആനന്ദ് വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്നതാണ് ഒരു സംശയം. കുട്ടികൾക്ക് ആനന്ദ് തന്നെ വിഷം കൊടുത്തുവെന്നും വിലയിരുത്തുന്നു. എന്നാൽ ആനന്ദും ആലിസും തീരുമാനിച്ചുറപ്പിച്ച് ആത്മഹത്യ ചെയ്താണെന്നാണ് മറ്റൊരു റിപ്പോർട്ട്.
രണ്ട് പേരും ചേർന്ന് കുട്ടികൾക്ക് വിഷം കൊടുത്തുവെന്നും വിലയിരുത്തലുണ്ട്. ശുചിമുറിയിൽ കയറി ഭാര്യയും ഭർത്താവും ചേർന്ന് വെടിവച്ച് മരണം ഉറപ്പാക്കിയെന്നതാണ് രണ്ടാം നിഗമനത്തിന്റെ കാതൽ. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരം തീരുമാനം ഉണ്ടായതെന്ന് ആർക്കും വ്യക്തതയില്ല. കുടുംബ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
വീട് തുറക്കുന്നില്ലെന്ന സന്ദേശം കിട്ടിയാണ് പൊലീസ് എത്തിയത്. വീട് അകത്തു നിന്നും പൂട്ടിയ അവസ്ഥയിലായിരുന്നു. പൂട്ടു പൊളിച്ച് അകത്തു കയറിയ പൊലീസിനെ ഞെട്ടിച്ച് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. വിശദ അന്വേഷണത്തിനായി മൃതദേഹം മാറ്റിയ ശേഷം വീട് സീൽ ചെയ്തിട്ടുണ്ട്. വീടിന്റെ പരിസരത്തേക്ക് പോലും ആരേയും പൊലീസ് കടത്തി വിടുന്നില്ല. കൊലപാതക സാധ്യത അടക്കം സംശയത്തിലുള്ളതു കൊണ്ടാണ് ഇത്.
ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച്ച രാത്രി 7.45 നാണ് പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.