ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം തലയെടുപ്പോടെ കേരളത്തില്‍; അറിയാം ജടായു നേച്ചര്‍ പാര്‍ക്കിനെക്കുറിച്ച്

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം തലയെടുപ്പോടെ കേരളത്തില്‍; അറിയാം ജടായു നേച്ചര്‍ പാര്‍ക്കിനെക്കുറിച്ച്

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം എവിടെയാണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം കേരളത്തിലുണ്ട്. കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു നേച്ചര്‍ പാര്‍ക്കില്‍. ജടായു പാറ എന്നും ഇവിടം അറിയപ്പെടുന്നു. ഇവിടുത്തെ ജടായു ശില്പമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശില്പം. തലയെടുപ്പോടെയുള്ള ജടായുവിന്റെ പ്രതിമ ആരേയും ആകര്‍ഷിക്കുന്നു.

രാമായണത്തിലെ ജടായുവിനെ അതേപടി പകര്‍ത്തിയിരിക്കുകയാണ് ഈ പക്ഷിശില്പത്തില്‍. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പത്തിന്റെ പേരില്‍ ജടായു ഗിന്നസ് ബുക്കിലും ഇടം നേടിയിരിക്കുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാര പദ്ധതി കൂടിയാണ് ജടായു പാറ.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1200 അടി ഉയരത്തിലാണ് ജടായു പാറ സ്ഥിതി ചെയ്യുന്നത്. ജടായു നേച്ചര്‍ പാര്‍ക്ക് എന്ന പരിസ്ഥി ഉദ്യാനമാകട്ടെ 65 ഏക്കറോളം ചുറ്റപ്പെട്ടു കിടക്കുന്നു. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലായിരുന്നു ജടായു നേച്ചര്‍ പാര്‍ക്കിന്റെ നിര്‍മാണം.


ഒരു ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ പക്ഷിശില്പം ഒരുക്കിയിരിക്കുന്നത്. സീതാദേവിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ തടയാന്‍ പറന്നിറങ്ങിയ ജടായുവിന്റെ ചിറകുകള്‍ രാവണന്‍ അറത്തുമാറ്റിയെന്നാണ് ഐതിഹ്യം. ജടായു- രാവണ യുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്ന ഒരു വിശ്വാസത്തിന്‍മേലാണ് ഇവിടെ ജടായുവിന്റെ പടുകൂറ്റന്‍ ശില്പമൊരുക്കിയിരിക്കുന്നത്.

200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുണ്ട് കൊല്ലത്തെ ഈ പക്ഷി പ്രതിമയ്ക്ക്. ചിറകറ്റ് വീണ ജടായുവിനെയാണ് പക്ഷി ശില്പം ഓര്‍മ്മപ്പെടുത്തുന്നത്. വിസ്മയങ്ങളാല്‍ സമ്പന്നമാണ് ഈ പക്ഷി പ്രതിമയുടെ ഉള്‍വശവും. പൂര്‍ണ്ണമായും ശീതീകരിച്ചിട്ടുണ്ട് ഉള്‍വശം. രാമായണ കഥ വിവരിച്ചിരിക്കുന്നു ശില്പത്തിന് അകത്ത്.

പക്ഷിയുടെ രണ്ട് കണ്ണുകളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ കണ്ണുകളിലൂടെ വ്യത്യസ്തമായ തരത്തില്‍ പുറംകാഴ്ചകള്‍ ആസ്വദിക്കാം. വലതു കണ്ണിലൂടെ അറബിക്കടലാണ് ദൃശ്യമാകുക. ഇടതു കണ്ണിലൂടെ നോക്കിയാല്‍ സമീപ പ്രദേശത്തെ കാഴ്ചകള്‍ വീക്ഷിക്കാം.

നാല് കുന്നുകള്‍ ചേര്‍ത്താണ് ഈ നേച്ചര്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഈ കുന്നുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ കൂടിയാണ്. പ്രകൃതിക്ക് കോട്ടം തട്ടാതെ പ്രകൃതിയോട് ഇണങ്ങി സംരക്ഷണം നല്‍കിക്കൊണ്ടാണ് നേച്ചര്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. പത്ത് വര്‍ഷം കൊണ്ടാണ് നേച്ചര്‍ പാര്‍ക്ക് സജ്ജമായത്. നൂറ് കോടിയോളം രൂപ ചെലവ് വന്നു പദ്ധതിക്ക്. ഉദ്യാനത്തിന് സമീപത്തായി മഴവെള്ളം സംഭരിക്കുന്ന ഒരു ചെക്ക് ഡാം ഉണ്ട്. ഇവിടെ നിന്നുമാണ് ഉദ്യാനത്തിലേക്ക് ആവശ്യമായ ജലം ലഭിക്കുന്നത്.

ജടായു പാറയിലേക്കെത്താന്‍ പ്രത്യേക കേബിള്‍ കാര്‍ സംവിധാനമുണ്ട്. ഇതിലൂടെയുള്ള യാത്രയും അപൂര്‍വ്വമായ കാഴ്ചവസന്തമാണ് സമ്മാനിക്കുന്നത്. സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേക അഡ്വഞ്ചര്‍ സോണും ക്രമീകരിച്ചിട്ടുണ്ട് ജടായു നേച്ചര്‍ പാര്‍ക്കില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.