ഇന്തോനേഷ്യയിൽ പ്രബോവോ സുബിയാന്തോ പ്രസിഡന്റ് പദത്തിലേക്ക്

ഇന്തോനേഷ്യയിൽ പ്രബോവോ സുബിയാന്തോ പ്രസിഡന്റ് പദത്തിലേക്ക്

ജകാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടി മുൻ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്തോ. ജകാർത്തയിലെ സ്റ്റേഡിയത്തിൽ അനുയായികളുടെ ആഹ്ലാദ പ്രകടനത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് സുബിയാന്തോ വിജയം പ്രഖ്യാപിച്ചത്. നിലവിലെ സൈനിക മേധാവിയും മുൻ പ്രതിരോധ മന്ത്രിയുമായ 72കാരനായ സുബിയാന്തോക്ക് ഏകദേശം 58 ശതമാനം വോട്ടുകൾ ലഭിച്ചതായാണ് റിപ്പോർട്ട്.

വിജയ പ്രഖ്യാപനത്തിന് ശേഷം അനുയായികൾക്ക് അദേഹം നന്ദി പറഞ്ഞു. സുബിയാന്തോക്കൊപ്പം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോകോവിയുടെ മൂത്ത മകൻ ജിബ്രാൻ റകാബുമിങ് റാക്കയും റാലിയിൽ ഉണ്ടായിരുന്നു. ഇത് എല്ലാ ഇന്തോനേഷ്യക്കാരുടെയും വിജയമാണ്. മറ്റ് പ്രസിഡന്റ് സ്ഥാനാർഥികളായ അനീസ് ബസ്​വേദന് 25 ശതമാനവും ഗഞ്ചർ പ്രണോവോക്ക് 17 ശതമാനവും വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യ രാജ്യമായ ഇന്തോനേഷ്യയിൽ ബുധനാഴ്ച നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 20 കോടിയിലധികം ആളുകള്‍ വോട്ടു ചെയ്തു. 1990 വരെ ഇന്തോനേഷ്യ ഭരിച്ച ഏകാധിപത്യ ഭരണകൂടവുമായും പട്ടാള ഭരണാധികാരി സുഹാര്‍ത്തോയുമായും അടുത്ത ബന്ധമുണ്ടായിരുന്നയാളാണ് സുബിയാന്തോ.

അന്നത്തെ പ്രത്യേക സേനാ കമാന്‍ഡറായിരുന്ന സുബിയാന്തോയുടെ കീഴിൽ ജനാധിപത്യ പ്രവർത്തകർക്ക് മൃഗീയ പീഡനവും തിരോധാനവുമൊക്കെ പതിവായിരുന്നു. വിചാരണ ചെയ്യപ്പെടുമെന്നായതോടെ സുബിയാന്തോ 2000 ല്‍ ജോര്‍ദാനില്‍ അഭയം തേടി. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മടങ്ങിയെത്തിയത്. മുമ്പ്‌ രണ്ട് തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജോക്കോവിയോട് തോറ്റിരുന്നു.

ഭരണഘടന പ്രകാരം മൂന്ന് തവണ മത്സരിക്കുന്നതിന് വിലക്കുണ്ട്. ഇതാണ് രണ്ടുതവണ പ്രസിഡന്റായിരുന്ന ജോക്കോവിക്ക്‌ ഇക്കുറി മത്സരിക്കുന്നതിൽ വിലങ്ങുതടിയായത്. പട്ടാള ഭരണത്തിന് അന്ത്യം കുറിച്ച ശേഷം രാജ്യത്ത് നടക്കുന്ന ആറാം പൊതു തിരഞ്ഞെടുപ്പാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.