കുട്ടികളും യുവാക്കളുമില്ലാത്ത നഗരമായി സിഡ്‌നി മാറിയേക്കുമെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്; ഭവന പ്രതിസന്ധി രൂക്ഷം

കുട്ടികളും യുവാക്കളുമില്ലാത്ത നഗരമായി സിഡ്‌നി മാറിയേക്കുമെന്ന്  സര്‍ക്കാര്‍ റിപ്പോര്‍ട്ട്; ഭവന പ്രതിസന്ധി രൂക്ഷം

സിഡ്‌നി: ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ സിഡ്‌നിയില്‍ കുട്ടികളുടെ ജനസംഖ്യാനുപാതം വലിയ തോതില്‍ കുറയുന്നതായുള്ള ആശങ്കപ്പെടുത്തുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത്. രൂക്ഷമാകുന്ന ഭവന പ്രതിസന്ധിയാണ് നഗരത്തില്‍ കുടുംബമായി താമസിക്കുന്നതിനു തടസമെന്നും ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ന്യൂ സൗത്ത് വെയില്‍സ് പ്രൊഡക്ടിവിറ്റി കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. താങ്ങാനാവുന്ന ഭവനങ്ങളൊരുക്കാന്‍ സാധിച്ചില്ലെങ്കില്‍ കുട്ടികളും യുവാക്കളുമില്ലാത്ത നഗരമായി സിഡ്‌നി മാറുമെന്നും കമ്മിഷന്‍ മുന്നറിയിപ്പു നല്‍കുന്നു.

നഗര ജനസംഖ്യയില്‍ കുട്ടികളുടെ അനുപാതം കുറയുന്നത് ഗൗരവമേറിയ കാര്യമാണെന്നു ഫെഡറല്‍ സര്‍ക്കാരും സമ്മതിക്കുന്നു. വര്‍ധിച്ച പാര്‍പ്പിടച്ചെലവ് മൂലം കുടുംബ ബജറ്റ് താളം തെറ്റുന്നതിനാല്‍ 30നും 40-നും ഇടയില്‍ പ്രായമുള്ള ആളുകള്‍ സംസ്ഥാനത്തിന്റെ പ്രാദേശിക മേഖലകളിലേക്കു മാറുന്ന പ്രവണത വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷം ജനസംഖ്യയില്‍ നിന്ന് 30 നും 40 നും ഇടയില്‍ പ്രായമുള്ള 7000 പേരാണ് നഗരത്തില്‍ നിന്നും പലായനം ചെയ്തത്.

സമീപ വര്‍ഷങ്ങളില്‍ സിഡ്നിയിലെ തൊഴിലാളികള്‍ക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി വേതനം ലഭിക്കുന്നുണ്ടെങ്കിലും പാര്‍പ്പിട ചെലവുകള്‍ താങ്ങാന്‍ കഴിയാത്തത് കുടുംബമായി താമസിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒരു വീട് വാങ്ങാന്‍ കഴിയാതെ പല യുവകുടുംബങ്ങളും സിഡ്നി വിടുകയാണ്, എന്നിട്ട് ഏറെ അകലെയുള്ള പ്രദേശങ്ങളിലേക്കു മാറുന്നു.

2016 നും 2021 നും ഇടയില്‍ 35,000 പേര്‍ സിഡ്‌നി നഗരത്തിലേക്ക് പുതുതായി എത്തിയപ്പോള്‍ 70,000 പേര്‍ പാര്‍പ്പിടച്ചെലവുകള്‍ താങ്ങാനാകാതെ നഗരം ഉപേക്ഷിച്ചു.

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 25 നും 64 നും ഇടയില്‍ പ്രായമുള്ളര്‍ ന്യൂ സൗത്ത് വെയിസ് സംസ്ഥാനത്തിന്റെ പ്രാദേശിക മേഖലകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ചേക്കേറുന്നത് നഗരത്തിന്റെ ഉത്പാദനക്ഷമതയെ ബാധിക്കുമെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷണര്‍ പീറ്റര്‍ അച്ചെര്‍സ്ട്രാറ്റ് മുന്നറിയിപ്പ് നല്‍കി.

ഭവനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാനും വീടിന്റെ വിലയിലും വാടകയിലുമുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് 2041 ഓടെ ഏകദേശം 900,000 ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. യുവതലമുറ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സിബിഡിയോട് അടുത്തുള്ള പ്രദേശങ്ങളില്‍ അവരെ താമസിക്കാന്‍ അനുവദിച്ചുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'2017 നും 2022 നും ഇടയില്‍ നിര്‍മ്മിച്ച പുതിയ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ മൂന്ന് നിലകള്‍ അധികം നിര്‍മിക്കാന്‍ അനുവദിച്ചാല്‍തന്നെ സിഡ്‌നിയില്‍ 45,000 അധിക വാസസ്ഥലങ്ങള്‍ കണ്ടെത്താന്‍ കഴിയും. വാടക നിരക്ക് അഞ്ചര ശതമാനം കുറയ്ക്കാനും സാധിക്കും' - പീറ്റര്‍ അച്ചെര്‍സ്ട്രാറ്റ് പറഞ്ഞു.

അതേസമയം ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി ആസൂത്രണ മന്ത്രി പോള്‍ സ്‌കല്ലി രംഗത്തെത്തി. ധീരമായ ഭവന പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഏറെക്കാലമായി ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇത് തടയുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഭവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് കഴിയാന്‍ നഗരത്തില്‍ വീടുകളില്ലാത്ത സാഹചര്യമുണ്ടാകും.

ഇന്നര്‍ വെസ്റ്റ്, കു-റിംഗ്-ഗായി, മോസ്മാന്‍, കാന്റര്‍ബറി-ബാങ്ക്സ്ടൗണ്‍ തുടങ്ങി സിഡ്നിയിലെ പ്രാദേശിക സര്‍ക്കാര്‍ മേഖലകളില്‍ നൂറുകണക്കിന് ഭവനരഹിതരാണ് തെരുവില്‍ കഴിയുന്നത്.

വീടുകളുടെ വില ഉയരുന്നതും ഭവനങ്ങള്‍ കിട്ടാനില്ലാത്തതും ആളുകള്‍ക്ക് കുടുംബത്തിനൊപ്പം പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നതിനും ജോലി സ്ഥലത്തോടു ചേര്‍ന്ന് ജീവിക്കുന്നതിനും പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. സിഡ്‌നിയില്‍ പരിമിതമായ സൗകര്യമുള്ള വീടുകളില്‍ സാമ്പത്തിക പിരിമുറുക്കം നേരിട്ട് ജീവിക്കുന്നതിനേക്കാള്‍ നല്ലത് പ്രാദേശിക മേഖലകളിലേക്കു മാറുന്നതാണ് നല്ലതെന്ന് യുവതലമുറ ചിന്തിക്കുന്നു.

പാര്‍പ്പിട സൗകര്യങ്ങള്‍ സമൃദ്ധമായി ഒരുക്കുന്നത് നഗരത്തിന്റെ സാമൂഹിക നേട്ടങ്ങള്‍ക്ക് ഏറെ പ്രധാനമാണെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷണര്‍ ഓര്‍മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.