ഫാസ്ടാഗ് അനുവാദം 32 ബാങ്കുള്‍ക്ക്; പട്ടികയില്‍ നിന്നും പേടിഎം പുറത്ത്

 ഫാസ്ടാഗ് അനുവാദം 32 ബാങ്കുള്‍ക്ക്; പട്ടികയില്‍ നിന്നും പേടിഎം പുറത്ത്

ന്യൂഡല്‍ഹി: ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ റിസര്‍വ് ബാങ്ക് നടപടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയുടേതാണ് തീരുമാനം.

സുഗമമായ ഹൈവേ യാത്രയ്ക്ക് 32 അംഗീകൃത ബാങ്കുകളില്‍ നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെടുകയായിരുന്നു. പട്ടികയില്‍ പേടിഎം പേയ്മെന്റ് ബാങ്ക് ഇല്ല. എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്, അലഹബാദ് ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന്‍ ബാങ്ക്, കോസ്മോസ് ബാങ്ക്, ഇക്വിറ്റിയാസ് സ്‌മോള്‍, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് പട്ടികയില്‍ ഉള്ളത്.

ഏത് ടോള്‍ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. അഥവാ വാഹനങ്ങളില്‍ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണ് ഫാസ് ടാഗ്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോള്‍ ടോള്‍ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി ടോള്‍ കൊടുക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, തിരക്ക് ഒഴിവാക്കി ടോളുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങളും ഒപ്പം പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും പിന്‍വലിക്കപ്പെടും. വാഹനം ടോള്‍ പ്ലാസ കടന്നു കഴിഞ്ഞാല്‍ ഉടമയ്ക്ക് എസ്എംഎസ് അലേര്‍ട്ടും ലഭിക്കും.

അതേസമയം കഴിഞ്ഞ മാസം 31 നാണ് പേടിഎമ്മിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. നിക്ഷേപം സ്വീകരിക്കുന്നതിനും വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യുന്നതിനും ഈ മാസം 29നു ശേഷം വിലക്കുണ്ട്. ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിര്‍ത്താനാണ് ആര്‍ബിഐയുടെ ഉത്തരവ്. കസ്റ്റമര്‍ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ (എന്‍.സി.എം.സി കാര്‍ഡുകള്‍) മുതലായവയില്‍ ക്രെഡിറ്റ് ആവാനുള്ള ക്യാഷ് ബാക്കുകളോ റീഫണ്ടുകളോ അല്ലാതെയുള്ള നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ അനുവദിക്കില്ലെന്നാണ് ആര്‍.ബി.ഐയുടെ ഉത്തരവില്‍ പറയുന്നത്.

ഉപയോക്താവിന്റെ ബാങ്ക് ബാലന്‍സ് തീരുന്നത് വരെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പണം പിന്‍വലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.