ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന് വിജയം. ശബ്ദ വോട്ടോടെ വിശ്വാസ പ്രമേയം നിയമസഭ പാസാക്കി. 70 അംഗ നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരാണുള്ളത്. തന്റെ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയാണ് ബിജെപിക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനാലാണ് എല്ലാ ഭാഗത്തു നിന്നും ആക്രമണം നേരിടുന്നതെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
ഈ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാലും 2029 ലെ തിരഞ്ഞെടുപ്പില്‍ കാവി പാര്‍ട്ടിയില്‍ നിന്ന് രാജ്യത്തെ എഎപി മോചിപ്പിക്കുമെന്നും കെജ്രിവാള്‍ ഉറപ്പിച്ചു പറഞ്ഞു. ബിജെപിക്ക് അവരുടെ ഭാവിയെക്കുറിച്ച് ഭയമുണ്ടെങ്കില്‍ അത് എഎപിയെ മാത്രമാണ്. അതിനാലാണ് അവര്‍ എഎപിയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാലും 2029 ല്‍ ആം ആദ്മി പാര്‍ട്ടി രാജ്യത്തെ ബിജെപിയില്‍ നിന്ന് മുക്തമാക്കും. 12 വര്‍ഷം മുമ്പാണ് എഎപി രൂപീകരിച്ചത്.
രാജ്യത്ത് ഏകദേശം 1,350 പാര്‍ട്ടികളുണ്ട്. 2012 നവംബര്‍ 26 ന് ആം ആദ്മി പാര്‍ട്ടി രജിസ്‌ട്രേഷനായി അപേക്ഷിച്ചു. ഇപ്പോള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായി അത് മാറിയിരിക്കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു.
തന്റെ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി എംഎല്‍എമാരെ വേട്ടയാടാനും തന്റെ സര്‍ക്കാരിനെ താഴെയിറക്കാനും ബിജെപി ശ്രമിക്കുന്നതിനാല്‍ വിശ്വാസ പ്രമേയം കൊണ്ടുവരേണ്ടതുണ്ടെന്ന് എഎപി കണ്‍വീനര്‍ കൂടിയായ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഒരു എഎപി എംഎല്‍എയും കൂറുമാറിയിട്ടില്ലെന്നും അദേഹം പറഞ്ഞു. രണ്ട് എംഎല്‍എമാര്‍ ജയിലിലാണ്. ചിലര്‍ക്ക് സുഖമില്ല, മറ്റു ചിലര്‍ പുറത്താണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസസ് വകുപ്പിന്റെയും ബ്യൂറോക്രസിയുടെയും മേലുള്ള നിയന്ത്രണത്തിലൂടെ ബിജെപി തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തുന്ന മൂന്നാമത്തെ വിശ്വാസ പ്രമേയമാണിത്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലെ സര്‍ക്കാരിനെ താഴെയിറക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി ആഗ്രഹിച്ചുവെന്ന എഎപിയുടെ അവകാശവാദങ്ങള്‍ക്കിടയിലാണ് ഇത്. തങ്ങളുടെ എംഎല്‍എയെ വേട്ടയാടാന്‍ ബിജെപി 'ഓപ്പറേഷന്‍ ലോട്ടസ്' നടത്തുകയാണെന്ന എഎപി ആരോപണങ്ങള്‍ക്കിടയിലാണ് 2022 ഓഗസ്റ്റിലും 2023 മാര്‍ച്ചിലും മുമ്പത്തെ വിശ്വാസ പ്രമേയങ്ങള്‍ വന്നത്. 70 അംഗ സഭയില്‍ 62 എംഎല്‍എമാരുള്ള ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് വന്‍ ഭൂരിപക്ഷമാണുള്ളത്. പ്രതിപക്ഷമായ ബി.ജെ.പിക്ക് എട്ട് എം.എല്‍.എമാരാണുള്ളത്. അതില്‍ ഏഴ് എം.എല്‍.എമാര്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.