മെക്സിക്കൻ തിരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ ഫ്രാൻസിസ് പാപ്പയുമായി ചർച്ച നടത്തി

മെക്സിക്കൻ തിരഞ്ഞെടുപ്പ്: പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ ഫ്രാൻസിസ് പാപ്പയുമായി ചർച്ച നടത്തി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി മെക്സിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥികൾ. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സോച്ചിറ്റൽ ​ഗാൽവസും ക്ലോഡിയ ഷെയിൻബോമും ആണ് വത്തിക്കാനിലെത്തി മാർപാപ്പയെ കണ്ടത്.

ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിൻ്റെ പിൻഗാമിയെ തീരുമാനിക്കാനുള്ള മെക്സിക്കോ തിരഞ്ഞെടുപ്പ് ജൂൺ രണ്ടിനാണ്. ഫെഡറൽ കോൺഗ്രസിലെ പുതിയ അംഗങ്ങളെയും സംസ്ഥാന ഗവർണർമാരെയും മേയർമാരെയും അന്നേ ദിനം തിരഞ്ഞെടുക്കും.

ഗാൽവെസും ഷെയിൻബോമുമായുള്ള മാർപാപ്പയുടെ കൂടിക്കാഴ്ചകളെക്കുറിച്ച് വത്തിക്കാൻ പ്രസ് ഓഫീസ് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 13 ന് നടന്നതായും ഏകദേശം 40 മിനിറ്റ് നീണ്ടുനിന്നതായും ഗാൽവെസ് പറഞ്ഞു.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ആത്മീയ സ്വഭാവമുള്ളതാണ് എന്ന് ഗാൽവെസ് പറഞ്ഞു. 2020 ൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ ഫ്രത്തെല്ലി തൂത്തിയെക്കുറിച്ച് മാർപാപ്പയുമായി സംസാരിച്ചു. അസീസിയിലെ സ്നേഹഗായകനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു സംസാരം. വിഭജനങ്ങളില്ലാത്ത സ്നേഹത്തോടെയുള്ള തുറന്ന സാഹോദര്യമാണ് എനിക്ക് വേണ്ടതെന്ന് ഗാൽവെസ് പറഞ്ഞു. കുടിയേറ്റ പ്രശ്‌നത്തെക്കുറിച്ചും കുടിയേറ്റക്കാരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും മാർപാപ്പയുമായി സംസാരിച്ചു.

ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച എനിക്ക് ഒരിക്കലും മറക്കാനാവാത്ത അസാധാരണമായ അനുഭവമായിരുന്നു. പാപ്പയുടെ ലാളിത്യം മഹത്വം പ്രകടമാക്കുന്ന ലളിതമായ രീതിയിലായിരുന്നെന്ന് ഷെയിൻബോം സോഷ്യൽ മീഡിയയിൽ കുറിച്ചു. എൻ്റെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും മതമായ കത്തോലിക്കാ സഭയുടെ പരമോന്നത പ്രതിനിധി എന്നതിന് പുറമേ, അദ്ദേഹത്തിൻ്റെ മാനവിക ചിന്തകളോട് എനിക്ക് അഗാധമായ ആരാധനയുണ്ടെന്നും പ്രസിഡൻ്റ് സ്ഥാനാർത്ഥി പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ തനിക്ക് ജീവിതത്തെക്കുറിച്ച് മഹത്തായ ഉപദേശം നൽകിയെന്നും ഷെയിൻബോം കൂട്ടിച്ചേർത്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.