തൊണ്ണൂറ്റി ഏഴാമത്തെ മാർപ്പാപ്പ സ്റ്റീഫന്‍ നാലാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-97)

തൊണ്ണൂറ്റി ഏഴാമത്തെ മാർപ്പാപ്പ സ്റ്റീഫന്‍ നാലാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-97)

സംഭവബഹുലവും പ്രഭാവപൂര്‍ണ്ണവുമായ ലിയോ മൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണത്തിനുശേഷം തിരുസഭയെ നയിക്കുവാന്‍ നിയോഗിക്കപ്പെട്ടത് തിരുസഭയുടെ തൊണ്ണൂറ്റിയേഴാമത്തെ തലവനായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫന്‍ നാലാമന്‍ മാര്‍പ്പാപ്പയാണ്. തിരുസഭാ ചരിത്രത്തില്‍ തന്നെ ഒരു ചക്രവര്‍ത്തിയെ (ലൂയിസ് ദ പയസ്) അഭിഷേകം ചെയ്യുന്ന ആദ്യത്തെ മാര്‍പ്പാപ്പയാണ് സ്റ്റീഫന്‍ നാലാമന്‍ മാര്‍പ്പാപ്പ. തത്ഫലമായി സാമ്രാജ്യത്വ അധികാരം പൂര്‍ണ്ണരൂപത്തില്‍ വിനിയോഗിക്കുന്നതിന് മാര്‍പ്പാപ്പയുടെ അംഗീകാരം ആവശ്യമായി വന്നു. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റൊരു കീഴ്‌വഴക്കത്തിന്റെ അന്ത്യമായിരുന്നു. അതായത് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിന്റെ സാധുതയ്ക്ക് ബൈസന്റൈന്‍ ചക്രവര്‍ത്തിയുടെ അംഗീകാരം വേണമെന്ന കീഴ്‌വഴക്കത്തിന് അവസാനമായി.

സ്റ്റീഫന്‍ നാലാമന്‍ മാര്‍പ്പാപ്പ പ്രകൃത്യാ അനുരജ്ഞനപ്രിയനായ വ്യക്തിയായിരുന്നു. അതിനാല്‍ തന്നെ ജനസമ്മതനും ജനപ്രിയനുമായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ദൈവജനത്തിന് ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന നിലയിലും തന്റെ മുന്‍ഗാമി മൂലം സഭയില്‍ വന്നുചേര്‍ന്ന പിളര്‍പ്പുകളും മുറിവുകളും ഉണക്കുവാനുമായിട്ടാണ് ഏ. ഡി. 816 ജൂണ്‍ 22-ാം തീയതി സഭയുടെ തലവനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ റോമിന്റെ മെത്രാനായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു.

തിരഞ്ഞെടുക്കപ്പെട്ടയുടന്‍ തന്നെ സ്റ്റീഫന്‍ മാര്‍പ്പാപ്പ ഷാര്‍ളെമൈന്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ലൂയിസ് ചക്രവര്‍ത്തിക്ക് ഒരു കത്തയച്ചു. ഈ കത്തില്‍ റോമന്‍ നിവാസികളുടെ ചക്രവര്‍ത്തിയോടുള്ള വിധേയത്വം പ്രഖ്യാപിക്കുകയും ചക്രവര്‍ത്തിയുമായി ഒരു കൂടിക്കാഴ്ച്ചയ്ക്കുള്ള തന്റെ ആഗ്രഹം പാപ്പാ അറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ ചക്രവര്‍ത്തി പാപ്പായെ ഫ്രാന്‍സിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തെ അനുയാത്ര ചെയ്യാന്‍ തന്റെ ബന്ധുവായ ഇറ്റലിയിലെ ബര്‍ണാര്‍ഡ് രാജാവിനെ നിയോഗിക്കുകയും ചെയ്തു. അങ്ങനെ ഏ. ഡി. 816 ഒക്ടോബര്‍ മാസത്തില്‍ ഫ്രാന്‍സിലെ റീംസ് നഗരത്തില്‍വെച്ച് സ്റ്റീഫന്‍ നാലാമന്‍ മാര്‍പ്പാപ്പയും ലൂയിസ് ചക്രവര്‍ത്തിയും തമ്മിലുള്ള കൂടിക്കാഴ്ച്ച നടന്നു. ലൂയിസ് ചക്രവര്‍ത്തി പാപ്പായ്ക്ക് നല്കിയ വിപുലമായ സ്വീകരണത്തിനുശേഷം റീംസ് കത്തീഡ്രലില്‍വെച്ച് സ്റ്റീഫന്‍ മാര്‍പ്പാപ്പ വിശുദ്ധ കുര്‍ബാനമദ്ധ്യേ ലൂയിസിനെയും അദ്ദേഹത്തിന്റെ പത്‌നി ഇര്‍മെന്‍ഗാര്‍ഡിനെയും ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയുമായി അഭിഷേകം ചെയ്തു. താന്‍ റോമില്‍നിന്നു കൊണ്ടുവന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന കിരീടമാണ് ലൂയിസ് ചക്രവര്‍ത്തിയുടെ ശിരസ്സില്‍ പാപ്പാ അണിയിച്ചത്. സഭയും ഫ്രാങ്കിഷ് ചക്രവര്‍ത്തിമാരുമായുള്ള ബന്ധം ഈ നീക്കങ്ങളിലൂടെ കൂടുതല്‍ ദൃഢമാവുകയും ചക്രവര്‍ത്തി സഭയുടെ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്തു.

ലൂയിസ് ചക്രവര്‍ത്തിയുടെ കിരീടധാരണത്തിനുശേഷം പാപ്പായും ചക്രവര്‍ത്തിയും തമ്മില്‍ സൂദീര്‍ഘവും ഗാഢവുമായ സ്വകാര്യ സംഭാഷണങ്ങള്‍ നടന്നു. ഫ്രാങ്കിഷ് രാജവംശവും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഉടമ്പടി വീണ്ടും സ്ഥിരീകരിക്കുന്നതും പേപ്പല്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം ഉറപ്പിക്കുന്നതും പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത വരുമ്പോള്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രകിയ ഉറപ്പുവരുത്തുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു ആ സംഭാഷണങ്ങളുടെ ഉള്ളടക്കം. 

റോമില്‍ വീണ്ടും സമാധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ലിയോ മൂന്നാമന്‍ മാര്‍പ്പാപ്പയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ ഗൗളിലേക്ക് ഏ.ഡി. 800-ല്‍ ഷാര്‍ളെമൈന്‍ ചക്രവര്‍ത്തി നാടുകടത്തിയ പ്രഭുവംശജരോട് ക്ഷമിക്കുവാനും അവരുടെ ശിക്ഷകളില്‍ ഇളവ് നല്കുവാനും സ്റ്റീഫന്‍ പാപ്പാ ലൂയിസ് ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടു. പാപ്പായുടെ ആഗ്രഹത്തെ മാനിച്ചുകൊണ്ട് ചക്രവര്‍ത്തി തടവിലാക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്കിക്കൊണ്ട് അവരെ വിട്ടയച്ചു.

തന്റെ വിജയകരമായ യാത്രയ്ക്കുശേഷം റോമില്‍ തിരികെയെത്തിയ സ്റ്റീഫന്‍ നാലാമന്‍ പാപ്പാ മൂന്ന് മാസങ്ങള്‍ക്കുശേഷം അതായത് ഏ. ഡി. 817 ജനുവരി 24-ാം തീയതി കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.


മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.