മെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയില്‍ ഗോത്രവര്‍ഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ചേര്‍ന്ന് 53 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചയാണ് സൗത്ത് പസഫിക്കിലെ എന്‍ഗയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആക്രമണം നടന്നതെന്ന് റോയല്‍ പാപ്പുവ ന്യൂ ഗിനിയ കോണ്‍സ്റ്റബുലറി ആക്ടിങ് സൂപ്രണ്ട് ജോര്‍ജ് കാകാസ് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് പറഞ്ഞു. ആംബുലിന്‍, സിക്കിന്‍ ഗോത്രങ്ങളും അവരുടെ സഖ്യകക്ഷികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തിനിടെ മുറിവേറ്റ ചിലര്‍ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടിരുന്നു.
എകെ47, എം4 റൈഫിള്‍ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചാണ് സംഘങ്ങള്‍ ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. കഴിഞ്ഞ വര്‍ഷം ഇതേ ഗോത്രങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എന്‍ഗ പ്രവിശ്യയില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നവെന്നും കാകാസ് പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാനും ദുരിതബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനും പ്രതിപക്ഷം പ്രധാനമന്ത്രി ജെയിംസ് മാരയോട് ആവശ്യപ്പെട്ടു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാനും പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംഘര്‍ഷ സ്ഥലത്തുനിന്ന് പൊലീസ് മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെയും കുറ്റിക്കാട്ടിലേക്ക് ഓടിക്കയറിയവരെയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
ഓസ്ട്രേലിയന്‍ വിദേശ സഹായം ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന പാപ്പുവ ന്യൂ ഗിനിയയെ സഹായിക്കാന്‍ തയാറാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് അറിയിച്ചു. പാപ്പുവ ന്യൂ ഗിനിയയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൊലീസ് ഓഫീസര്‍മാരുടെ പരിശീലനം, സുരക്ഷാ സേവനം തുടങ്ങിയ സഹായങ്ങള്‍ ഓസ്ട്രേലിയ നല്‍കി വരുന്നുണ്ട്. 2022ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാപ്പുവ ന്യൂ ഗിനിയയിലെ എന്‍ഗില്‍ ഗോത്രവര്‍ഗ ആകമണങ്ങള്‍ രൂക്ഷമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.