മൂന്ന് സീറ്റുകളില്‍ തര്‍ക്കം: യുപിയില്‍ കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ച പൊളിഞ്ഞു; ഇന്ത്യ മുന്നണിക്ക് തിരിച്ചടി

മൂന്ന് സീറ്റുകളില്‍ തര്‍ക്കം: യുപിയില്‍ കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ച പൊളിഞ്ഞു; ഇന്ത്യ മുന്നണിക്ക് തിരിച്ചടി

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലും ഇന്ത്യ മുന്നണിയിലെ ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ച പൊളിഞ്ഞു.  ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ലോക്‌സഭാ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ തകരാന്‍ കാരണം.

ഇതോടെ പശ്ചിമ ബംഗാള്‍, പഞ്ചാബ്, ബിഹാര്‍, ജമ്മു കാശ്മീര്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ യുപിയിലും ഇന്ത്യ മുന്നണി തകരുകയാണ്. ഇന്നലെ രാത്രി ഏറെ വൈകി നടന്ന ചര്‍ച്ചയില്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച ഇവിടെ നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് എസ്പി വൃത്തങ്ങള്‍ അറിയിച്ചു.

അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയെ കാണില്ലെന്നും എസ്.പി നേതാക്കള്‍ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന വിവരം പുറത്തു വരുന്നത്.

പതിനേഴ് ലോക്‌സഭാ സീറ്റുകളെന്ന അന്തിമ വാഗ്ദാനം എസ്.പി ഒരു ദിവസം മുമ്പ് കോണ്‍ഗ്രസിന് നല്‍കിയിരുന്നു. കോണ്‍ഗ്രസിന് ഇതില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നും എസ്.പി വ്യക്തമാക്കി.

സഖ്യം അന്തിമമായാല്‍ മാത്രമേ താന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ ചേരുകയുള്ളൂവെന്ന് അഖിലേഷ് യാദ് പറഞ്ഞതും ശ്രദ്ധേയമാണ്. നിലവില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ രാഹുലിന്റെ യാത്രയില്‍ അഖിലേഷ് എത്തില്ലെന്ന് വ്യക്തമായി.

എസ്.പിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്ന് സീറ്റുകളില്‍ കുടുങ്ങുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ അജയ് റായിക്ക് ബല്ലിയ സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മൊറാദാബാദ്, ബിജ്‌നോര്‍ സീറ്റുകളിലും പാര്‍ട്ടി അവകാശവാദമുന്നയിച്ചിരുന്നു. മൊറാദാബാദ് സീറ്റ് ഇപ്പോഴും എസ്.പിയുടെ കൈവശമാണ്. സിറ്റിങ് സീറ്റ് ഉള്‍പ്പെടെ ഈ സീറ്റുകളൊന്നും വിട്ടു നല്‍കാന്‍ എസ്.പി തയ്യാറല്ല.

ഭാരത് ജോഡോ ന്യായ് യാത്രയുമായി രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലുള്ള സമയത്താണ് എസ്.പിയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.