പാമ്പിന്‍ വിഷത്തിന് മറുമരുന്ന് കണ്ടെത്തി ഐ.ഐ.എസ്.സി ശാസ്ത്രജ്ഞര്‍; സിന്തറ്റിക് ഹ്യൂമണ്‍ ആന്റിബോഡി വികസിപ്പിച്ചു

പാമ്പിന്‍ വിഷത്തിന് മറുമരുന്ന് കണ്ടെത്തി ഐ.ഐ.എസ്.സി ശാസ്ത്രജ്ഞര്‍; സിന്തറ്റിക് ഹ്യൂമണ്‍ ആന്റിബോഡി വികസിപ്പിച്ചു

ബംഗളൂരു: ആരോഗ്യ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി). സിന്തറ്റിക് ഹ്യൂമണ്‍ ആന്റിബോഡി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇവിടുത്തെ ശാസ്ത്രജ്ഞര്‍. ശരീരത്തില്‍ എല്‍ക്കുന്ന ശക്തമായ ന്യൂറോ ടോക്സിനുകളെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡിയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്.

ഐഐഎസ്സിയുടെ സ്‌ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് (സിഇഎസ്), എവല്യൂഷണറി വെനോമിക്സ് ലാബ് (ഇവിഎല്‍) എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മയാണ് ആന്റിബോഡി വികസിപ്പിച്ചത്.

ഉഗ്ര വിഷമുള്ള എലാപിഡേ വിഭാഗത്തില്‍പ്പെട്ട മൂര്‍ഖന്‍, രാജവെമ്പാല, വെള്ളിക്കെട്ടന്‍, ബ്ലാക്ക് മാംബ എന്നിവയുടെ കടിയേറ്റാല്‍ വിഷത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന ന്യൂറോ ടോക്സിനെ നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന സിന്തറ്റിക് ഹ്യൂമണ്‍ ആന്റിബോഡിയാണ് ഐ.ഐ.എസ്.സിയില്‍ വികസിപ്പിച്ചെടുത്തത്.

പാമ്പ് കടിയേല്‍ക്കുന്നവര്‍ക്ക് കൂടുതല്‍ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഇത് സഹായകരമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് ഓരോ വര്‍ഷവും ആയിര കണക്കിന് പേരാണ് മരിക്കുന്നത്. ഇന്ത്യയിലും ആഫ്രിക്കയിലുമാണ് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുതല്‍. കുതിര, കഴുത തുടങ്ങി നിരവധി മൃഗങ്ങളിലാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പാമ്പിന്റെ വിഷം കുത്തിവയ്ക്കുകയും തുടര്‍ന്ന് ശരീരത്തില്‍ നിന്നുള്ള ആന്റിബോഡികള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തുകയുമായിരുന്നു.

ഇലാപിഡേ വിഭാഗത്തില്‍പ്പെട്ടവയുടെ വിഷം ത്രീ-ഫിങര്‍ ടോക്സിന്‍ (3FTx) എന്നാണ് അറിയപ്പെടുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട വിവിധ ജീവികളുടെയും ത്രീ-ഫിങര്‍ ടോക്സിന്‍ വ്യത്യസ്തമാണെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ എല്ലാത്തിലും സമാനമാണ്. ഈ വിഷം പ്രതിരോധിക്കാനായി സംഘം വികസിപ്പിച്ച ആന്റി ബോഡി ശരീരത്തില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യേണ്ടത്. മാരക വിഷം ശരീരത്തില്‍ പ്രവേശിച്ചാലും ഇത്തരം ആന്റിബോഡികള്‍ക്ക് അവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പാമ്പ് കടിയേറ്റുണ്ടാകുന്ന അപകടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ ആന്റിബോഡികള്‍ സഹായിക്കും.

എലികളിലും ഗവേഷക സംഘം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എലിപിഡേ വിഭാഗത്തില്‍പ്പെട്ട ജീവികളില്‍ നിന്നുള്ള മാരക വിഷം ശേഖരിച്ച ഗവേഷകര്‍ അത് നാല് എലികളുടെ ശരീരത്തില്‍ കുത്തിവച്ചു. വിഷം ശരീരത്തില്‍ പ്രവേശിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച എലികള്‍ ഏകദേശം മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ചത്തു. എന്നാല്‍ ആന്റിബോഡി കലര്‍ത്തിയ വിഷം ശരീരത്തില്‍ കുത്തി വച്ച എലികള്‍ 24 മണിക്കൂറുകള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യവാന്മാരായി കണ്ടെത്തുകയും ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള ഉഗ്രവിഷമുള്ള മൂര്‍ഖന്‍, ആഫ്രിക്കയില്‍ നിന്നുള്ള ബ്ലാക്ക് മാംബ എന്നീ പാമ്പുകളില്‍ നിന്നുള്ള വിഷം ശേഖരിച്ച് ഗവേഷകര്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ആന്റിബോഡി ഇതിനെയും പ്രതിരോധിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. സാധാരണത്തേക്കാള്‍ 15 മടങ്ങ് പ്രതിരോധിക്കാന്‍ ആന്റിബോഡിക്ക് ശേഷിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ കണ്ടെത്തല്‍ ആരോഗ്യ മേഖലയിലെ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.