സാൻ ഫ്രാൻസിസ്കോ: സാൻഫ്രാസിസ്കോ ആർച്ച് ബിഷപ്പ് സാൽവറ്റോർ കോർഡിലിയോൺ, സ്പീകർ നാൻസി പെലോസിയുടെ പ്രസ്താവനയോട് പ്രതികരിച്ചു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ ആയത്, സ്ത്രീകളുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ സംബന്ധിച്ച തർക്കത്തിന്റെ പേരിലാണെന്നും പ്രോലൈഫിനെ പിന്താങ്ങുന്നവരുടെ വോട്ട് കൊണ്ടാണ് ട്രംപ് പ്രസിഡന്റ് ആയതെന്നും ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ ജനാധിപത്യത്തെ അവർ "വിറ്റു നദിയിലൊഴുക്കി"എന്നും ആയിരുന്നു പെലോസിയുടെ പ്രസ്താവന. മുൻ സെനറ്ററും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഹിലാരി ക്ലിന്റനുമൊത്തുള്ള പതിനെട്ടാം തീയതിയിലെ പോഡ്കാസ്റ്റിലാണ് സ്പീക്കർ നാൻസി പെലോസി പ്രസ്തുത പ്രസ്താവന ഇറക്കിയത്.
“ഒരു കത്തോലിക്കനെന്ന നിലയിൽ എനിക്ക് വളരെ ദുഖം തോന്നുന്നു", ഗർഭഛിദ്രം, വോട്ടിംഗ് എന്നിവയെക്കുറിച്ചുള്ള പെലോസിയുടെ അഭിപ്രായത്തോട് വ്യാഴാഴ്ച, ആർച്ച് ബിഷപ്പ് പ്രതികരിച്ചു. "മനസാക്ഷിയുള്ള ഒരു കത്തോലിക്കനും ഗർഭഛിദ്രത്തെ അനുകൂലിക്കാൻ കഴിയില്ല,” പെലോസിയുടെ ആഭ്യന്തര രൂപതയായ സാൻ ഫ്രാൻസിസ്കോയിലെ ആർച്ച് ബിഷപ്പ് സാൽവറ്റോർ കോർഡിലിയോൺ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു: “നമ്മുടെ ദേശം നിരപരാധികളുടെ രക്തത്താൽ കുതിർന്നിരിക്കുന്നു, അത് അവസാനിപ്പിക്കണം.”
ഇതിനു മുൻപും, കത്തോലിക്കാ വിശ്വാസിയായിരിന്നിട്ടും പെലോസി ഗർഭഛിദ്രത്തെ പിന്തുണച്ചിട്ടുണ്ട്. 2008 ൽ എൻബിസിയുടെ 'മീറ്റ് ദി പ്രസ്സ്'ൽ 'ജീവിതാരംഭത്തെ' സംബന്ധിച്ച് അവർ പറഞ്ഞു, “നൂറ്റാണ്ടുകളായി, സഭയുടെ ഡോക്ടർമാർക്ക് ആ നിർവചനം നൽകാൻ കഴിഞ്ഞിട്ടില്ല.” അവരുടെ കത്തോലിക്കാ വിശ്വാസം, തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ബാധിക്കാൻ പാടില്ല എന്നും അവർ പറഞ്ഞു.
"നാൻസി പെലോസി സംസാരിക്കുന്നത് കത്തോലിക്കാ സഭയ്ക്കുവേണ്ടിയല്ല" ആർച്ച് ബിഷപ്പ് കോർഡിലിയോൺ വ്യക്തമാക്കി. “ഗർഭപാത്രത്തിലെ മനുഷ്യജീവിതത്തിന്റെ തുല്യ അന്തസ്സിനെക്കുറിച്ചുള്ള ചോദ്യത്തിന്,മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ രണ്ടായിരം വർഷമായ തുടർച്ചയായ പഠനങ്ങൾക്ക് നേർവിരുദ്ധമായാണ് അവർ [പെലോസി] സംസാരിക്കുന്നത്" കോർഡിലിയോൺ പറഞ്ഞു. ഗർഭഛിദ്രത്തെ പരാമർശിച്ച് “തിരഞ്ഞെടുക്കാനുള്ള അവകാശം” എന്ന പ്രയോഗം പെലോസി ഉപയോഗിക്കുന്നത് “സങ്കൽപ്പിക്കാവുന്നതിൽ വച്ച് ഏറ്റവും മോശമായ തിന്മകളിലൊന്നിൽ നിന്ന് ലാഭം നേടുന്ന, ഒരു മുഴുവൻ വ്യവസായത്തെയും നിലനിർത്തുന്നതിനുള്ള ഒരു പുകമറയാണ്” എന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
വ്യക്തികൾ ട്രംപിന് വോട്ടുചെയ്തതിന്റെ കാരണം “അനുമാനിക്കില്ല” എന്ന് ബിഷപ്പ് പ പറഞ്ഞു. “കത്തോലിക്കർ വോട്ടുചെയ്യുമ്പോൾ നല്ല മന:സാക്ഷിയോടെ അളന്നു നോക്കേണ്ട ഗുരുതരമായ നിരവധി ധാർമ്മിക പ്രശ്നങ്ങളുണ്ട്,” എന്നും ബിഷപ്പ് പ്രസ്താവനയിൽ പറഞ്ഞു. "ഇന്നലെ നടന്ന ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ബൈഡൻ ഐക്യത്തിനും സൗഖ്യത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനം നൽകി, ”കോർഡിലിയോൺ പറഞ്ഞു, പെലോസിയുടെ ആരോപണങ്ങൾ“ ഐക്യത്തിന്റെയും സൗഖ്യത്തിന്റെയും ഭാഷയല്ല. അവർ ഈ വോട്ടർമാരോട് ക്ഷമ ചോദിക്കണം . ” “നിങ്ങൾ കൊല്ലരുത്” എന്ന കൽപ്പന ഗർഭപാത്രത്തിലെ ജീവൻ ഉൾപ്പെടെ എല്ലാ ജീവനും ബാധകമാണെന്ന് ക്രിസ്ത്യാനികൾ എല്ലായ്പ്പോഴും മനസ്സിലാക്കിയിട്ടുണ്ട്" കോർഡിലിയോൺ പറഞ്ഞു. “ഫ്രാൻസിസ് മാർപാപ്പ ഇടതടവില്ലാതെ ഈ ഈ പ്രബോധനം തുടരുന്നു".
ഇരുപത്തി രണ്ടാം തീയതി അമേരിക്കയിൽ 'യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്‌സ്' (യൂഎസ്‌സിബിസി )രാജ്യമൊട്ടാകെ പ്രാർത്ഥനയുടെയും പരിഹാരത്തിന്റെയും ദിനമായി ആചരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു. ജനിക്കാതെപോയ ജീവനുകൾക്കായി പ്രാർത്ഥിക്കാനും പരിഹാരം ചെയ്യാനും എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടു. 'ജനിക്കാത്ത കുഞ്ഞുങ്ങളുടെ നിയമമരമായ സംരക്ഷണ'ത്തിന് വേണ്ടിയായിരുന്നു പ്രാർത്ഥനാ ദിനമായി ആചരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.