ജറൂസലം: ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിലുള്ള പാലസ്തീന്‍ സര്‍ക്കാര്‍ രാജിവച്ചു. രാജിക്കത്ത് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായി അദേഹം വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ നടപടികളുടെയും ഗാസ മുനമ്പിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് തന്റെ സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദേഹം പറഞ്ഞു. ഗാസയിലെ പുതിയ യാഥാര്‍ത്ഥ്യം കണക്കിലെടുത്തുള്ള പുതിയ സര്‍ക്കാര്‍ രൂപീകരണം വെല്ലുവിളി നിറഞ്ഞതാകുമെന്നും മുഹമ്മദ് ഇഷ്തയ്യ കൂട്ടിച്ചേര്‍ത്തു.
അതിനിടെ പാലസ്തീന്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫയെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹ്മൂദ് അബ്ബാസ് ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതിന് വിവിധ പാലസ്തീന്‍ കക്ഷികളുടെ അംഗീകാരം ആവശ്യമാണ്. സര്‍ക്കാരിന്റെ രാജി നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ രാജാവ് ഉള്‍പ്പെടെയുള്ള അറബ് നേതാക്കളുമായും അബ്ബാസ് ചര്‍ച്ച നടത്തിയിരുന്നു.
1954 ല്‍ പാലസ്തീനില്‍ ജനിച്ച മുഹമ്മദ് മുസ്തഫ അറബ് മേഖലയില്‍ വിവിധ രാഷ്ട്രീയ-സാമ്പത്തിക സമിതികളില്‍ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.