പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിനു സമീപമുള്ള തീരപ്രദേശമായ ജൂറിയന്‍ ബേയില്‍ കടലിലിറങ്ങിയ സ്ത്രീക്ക് ഭീമന്‍ സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. തിങ്കളാഴ്ച്ച രാവിലെയാണ് വിനോദസഞ്ചാരികളെയും പ്രദേശികവാസികളെയും ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. 40 വയസുള്ള സ്ത്രീയാണ് ടൈഗര്‍ ഷാര്‍ക്ക് എന്നറിയപ്പെടുന്ന സ്രാവിന്റെ ആക്രമണത്തിനിരയായത്. യുവതിക്ക് റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തെതുടര്‍ന്ന് പ്രദേശത്തെ ബീച്ചുകള്‍ അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.
സ്രാവ് ഇനങ്ങളില്‍തന്നെ അപകടകാരികളായവയുടെ പട്ടികയിലാണ് കടുവ സ്രാവുകള്‍ ഇടം നേടിയിരിക്കുന്നത്. രണ്ട് ഹെക്ടര്‍ വിസ്തൃതിയുള്ള സാന്‍ഡ്ലാന്‍ഡ് ദ്വീപിന് സമീപം ആഴം കുറഞ്ഞ ഭാഗത്തു വച്ചാണ് യുവതിയെ രണ്ട് മീറ്റര്‍ നീളമുള്ള സ്രാവ് ആക്രമിച്ചത്. യുവതിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.
പെര്‍ത്തില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് ജൂറിയന്‍ ബേ. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11.45 നാണ് പാരാമെഡിക്കുകള്‍ക്ക് സഹായത്തിനായുള്ള അഭ്യര്‍ത്ഥന ലഭിച്ചത്. രക്ഷാപ്രവര്‍ത്തകരുടെ അടിയന്തര ഇടപെടല്‍ മൂലമാണ് യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയതെന്ന് സെന്റ് ജോണ്‍ ആംബുലന്‍സ് വെസ്റ്റേണ്‍ ഓസ്ട്രേലിയ വക്താവ് 'ഗാര്‍ഡിയന്‍ ഓസ്ട്രേലിയ'യോട് പറഞ്ഞു. യുവതിയെ തീരത്തെത്തിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്ററിലാണ് റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ എത്തിച്ചത്.
സീ ലയണ്‍ ടൂര്‍സ് എന്ന ടൂര്‍ ഓപ്പറേറ്ററുടെ നേതൃത്വത്തിലാണ് യുവതി സാന്‍ഡ്ലാന്‍ഡ് ദ്വീപിലെത്തിയത്. സ്രാവ് ആക്രമിച്ച സമയത്ത് സ്ത്രീ ഒറ്റയ്ക്ക് വെള്ളത്തില്‍ നീന്തുകയായിരുന്നോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജൂറിയന്‍ ബേയില്‍ രണ്ട് സ്രാവുകളെ കണ്ടെത്തിയിട്ടുണ്ട്. ടൈഗര്‍ സ്രാവുകള്‍ എല്ലാത്തരം ഇരകളേയും ആക്രമിച്ചു കീഴടക്കുകയാണ് പതിവ്. തീവ്ര വെളിച്ചത്തിലേക്ക് ഇത്തരം സ്രാവുകള്‍ പ്രത്യക്ഷപ്പെടാറില്ല. ഇക്കാരണത്താല്‍ തീവ്ര വെളിച്ചം പ്രകാശിപ്പിക്കുകവഴി ഇവയുടെ ആക്രമണത്തെ തടയാനാകും. സാധാരണ തിരക്കേറിയ സമയങ്ങളില്‍ ഇവ കടല്‍ത്തീരത്തേക്ക് അടുക്കാറില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26