പാക് പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി; ചരിത്രം കുറിച്ച് മറിയം നവാസ്

പാക് പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി; ചരിത്രം കുറിച്ച് മറിയം നവാസ്

ഇസ്ലാമാബാദ്: മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് (50) പാകിസ്ഥാനിലെ പശ്ചിമ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്റെ അംഗീകാരം ഓരോ സ്ത്രീയുടെയും അമ്മയുടെയും സഹോദരിയുടെയും വിജയമാണെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അസംബ്ലിയിൽ നടത്തിയ കന്നി പ്രസംഗത്തിൽ മറിയം പറഞ്ഞു.

തനിക്ക് നിറവേറ്റാൻ ഒട്ടേറെ ചുമതലകളുണ്ടെന്ന് പറഞ്ഞ മറിയം തന്റെ മത്സരം മറ്റാരുമായും അല്ല, മറിച്ച് സ്വന്തം പാർട്ടിയിലെ മഹാന്മാരായ നേതാക്കളായ നവാസ് ഷെരീഫും ഷെഹ്ബാസ് ഷെരീഫുമായി മാത്രമാണ് എന്നും വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രിയായി ഞാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ നവാസ് ഷെരീഫ് സാബ് അടുത്ത അഞ്ച് വർഷത്തേക്ക് പഞ്ചാബിനായുള്ള ഞങ്ങളുടെ പദ്ധതിയെക്കുറിച്ച് എന്നോട് ചർച്ചകൾ നടത്തുന്നുണ്ട്. അവരുടെ പാരമ്പര്യം ഏറ്റെടുക്കുക എളുപ്പമല്ല. എന്നാൽ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.

ഇന്ന് മുതൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി മാത്രമല്ല, പഞ്ചാബിന്റെ മുഴുവൻ വസീർ-ഇ-അല (പാകിസ്ഥാനിലെ ഒരു പ്രവിശ്യയുടെ എക്സിക്യൂട്ടീവിന്റെ തലവൻ) ആയിരിക്കുമെന്നും മറിയം പറഞ്ഞു. “എനിക്ക് വോട്ട് ചെയ്യാത്ത ആളുകളുടെ വസീർ-ഇ-അല കൂടിയാണ് ഞാൻ. എന്റെ വാതിലുകളും എന്റെ ഹൃദയവും എന്റെ ഓഫീസും പ്രതിപക്ഷത്തിനും മറ്റെല്ലാവർക്കും ഇരുപത്തിനാല് മണിക്കൂറും തുറന്നിരിക്കും” -മറിയം പറഞ്ഞു,

പ്രതിപക്ഷ അംഗങ്ങളും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നെങ്കിൽ തനിക്ക് ഏറെ സന്തോഷമായിരുന്നേനെയെന്നും പ്രതിപക്ഷത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ പറഞ്ഞു. പഞ്ചാബ് നിയമസഭയിൽ പിഎംഎൽ - എൻ 137 സീറ്റുകൾ നേടിയപ്പോൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പിന്തുണച്ച സ്വതന്ത്രർ 113 സീറ്റുകളാണ് നേടിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.