തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപി മാരായ കെ.സിവേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പാണ് മുഖ്യലക്ഷ്യം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ശക്തമായ തിരിച്ചു വരവിന് തയ്യാറെടുക്കുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ നീക്കം.
സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലും മദ്യവില വര്‍ധനയ്ക്ക് പിന്നില്‍ 200 കോടി രൂപയുടെ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും എതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയുമാണ് സര്‍ക്കാര്‍ സോളാര്‍ കേസ് സിബിഐക്ക് വിട്ട് പ്രതിരോധം തീര്‍ക്കാനൊരുങ്ങുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണന്നും സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു സോളാര്‍ തട്ടിപ്പ് കേസ്. ടീം സോളാര്‍ എന്ന പേരില്‍ യാതൊരുവിധ അംഗീകാരവുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുണ്ടെന്ന് കാണിച്ച് കോടികള്‍ തട്ടിയ ബിജു രാധാകൃഷ്ണന്‍, ഭാര്യ സരിത എസ് നായര്‍ എന്നിവരെ കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന ആരോപണം നിരവധി കോണ്‍ഗ്രസ് നേതാക്കളെ ബാധിച്ചു. തട്ടിപ്പ് കേസില്‍ പിടിയ്ക്കപ്പെട്ട് ജയിലിലെത്തിയതോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുഖ്യപ്രതികളിലൊരാളായ സരിത രംഗത്തെത്തുകയായിരുന്നു.
എന്താണ് സോളാര്‍ കേസ് സംസ്ഥാനത്ത് സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണന്‍ സി.എം.ഡിയായ 'ടീം സോളാര്‍' കമ്പനി പലരില്‍ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാര്‍ അഴിമതിക്കേസ്. എഴുപതോളം പേരില്‍ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത നായര്‍ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം നടത്തിയെന്ന ആരോപണം പുറത്ത് വന്നതോടെയാണ് കേസ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.
2013 ജൂണ്‍ മൂന്നിന് സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ പിടിയിലാകുന്നതോടെയാണ് ആരോപണ പരമ്പരകളുടെ തുടക്കം. ജൂണ്‍ നാലിന് കേസ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിനും കേസില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നു വന്നു. ഇത് പ്രതിപക്ഷം നിയമസഭയില്‍ ആയുധമാക്കി. മുഖ്യമന്ത്രിയ്ക്കെതിരായ ആരോപണങ്ങളില്‍ നിയമസഭ കലുഷിതമായി. ഇതോടെ കേസ് അന്വേഷണം എഡിജിപിയ്ക്ക് കൈമാറി. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം
. മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലീം രാജ് എന്നിവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുവരെയും 2013 ജൂണ്‍ 14 ന് തല്‍ സ്ഥാനങ്ങളില്‍നിന്ന് മാറ്റി. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവര്‍ക്കും പുറമെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജിക്കു ജേക്കബ്, ആര്‍.കെ എന്നിവരും ടീം സോളാറിന്റെ അധികൃതരുമായി ഒരു വര്‍ഷത്തോളം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. കേസ് അന്വേഷിക്കാന്‍ എഡിജിപി എ.ഹേമചന്ദ്രന്റെ കീഴില്‍ 2013 ജൂണ്‍ 15 ന് പ്രത്യേക സംഘം രൂപീകരിച്ചു. പിന്നീട് ഓഗസ്റ്റ് 12ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് സെക്രട്ടേറിയേറ്റ് ഉപരോധം ആരംഭിച്ചു.
തുടര്‍ന്ന് 13ന് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സിറ്റിംങ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് മന്ത്രിസഭ തീരുമാനിച്ചു. ഒപ്പം ജൂഡീഷ്യല്‍ അന്വേഷണത്തില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി സന്നദ്ധത പ്രഖ്യാപിച്ചു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുകൊടുക്കേണ്ടെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കേരളത്തില്‍ മാത്രമല്ല സരിത നായര്‍ തമിഴ്നാട്ടിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. അതിനിടയില്‍ ബിജു രാധാകൃഷണന്റെ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് 2013 ജൂണ്‍ 16ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു.
തുടര്‍ന്ന് ബിജുവിന്റെയും സരിതയുടെയും ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി. ജൂണ്‍ 17 ന് കോയമ്പത്തൂരില്‍ വച്ച് ബിജു രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 26ന് ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ ജേക്കബ് രാജി വയ്ക്കുകയും ജൂണ്‍ 28ന് മുന്‍ പിഎ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ സോളാര്‍ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. ജൂലൈ അഞ്ചിന് നടി ശാലു മേനോനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബര്‍ 10ന് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിം രാജിനെ അറസ്റ്റ് ചെയ്തു. 2013 ജൂലായ് 30 ന് സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
ഉന്നതര്‍ തന്നെ ഉപയോഗിച്ചുവെന്ന് നിരന്തര ആരോപണം ഉന്നയിച്ച സരിത എന്നാല്‍ 2013 ജൂലായ് 29 ന് നല്‍കിയ പരാതിയില്‍ ഉന്നതരുടെ പേര് ഉണ്ടായിരുന്നില്ല. മന്ത്രിമാരും പ്രമുഖ നേതാക്കളും സരിതയുമായി ബന്ധപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്ന് അഭിഭാഷകര്‍ അറിയിച്ചത് ഏറെ വിവാദമായിരുന്നു. മാധ്യമങ്ങള്‍ക്ക് ബിജു രാധാകൃഷ്ണന്‍ തുറന്ന കത്തെഴുതിയതും വിവാദമായി. ഇതിനിടെ ഭാര്യ രശ്മിയെ വധിച്ച കേസില്‍ ബിജു രാധാകൃഷ്ണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2014 ഫെബ്രുവരി 21 ന് സരിതാ നായര്‍ ജയില്‍ മോചിതയായി. ജയില്‍ മോചിതയായ സരിത തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്നു. അന്ന് എംഎല്‍എ ആയിരുന്ന എ.പി അബ്ദുള്ളക്കുട്ടി നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചതായും സരിത വെളിപ്പെടുത്തിയത് 2014 മാര്‍ച്ച് മൂന്നിനാണ്.
ഇതിനിടെ ഗണേഷ് കുമാറുമായി സരിതയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നു. സോളാര്‍ കേസ് വിവരങ്ങള്‍ വ്യക്തമായി ഗണേഷിന്റെ പിതാവും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് അറിയാമെന്ന് സരിത അറിയിച്ചു. പിന്നീട് കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ സരിത പീഡന ആരോപണങ്ങള്‍ ഉന്നയിച്ചു. സരിത പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയതെന്ന് പറയുന്ന കത്ത് 2015 ഏപ്രില്‍ ഏഴിന് പുറത്തുവന്നു. സോളാര്‍ കമ്പനി നടത്താന്‍ കെ സി വേണുഗോപാല്‍ എംപി, അന്നത്തെ മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ ബി ഗണേഷ് കുമാര്‍, എന്നിവര്‍ പണം ആവശ്യപ്പെട്ടതായി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.
മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ കേസ് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി സമര്‍പ്പിച്ച അഭ്യര്‍ത്ഥന ഹൈക്കോടതി ജഡ്ജിമാരുടെ യോഗം തള്ളി. പകരം റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ശിവരാജനെ 2013 ഒക്ടോബര്‍ 23ന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയമിച്ചു. കമ്മിഷന്‍ ഒഫ് എന്‍ക്വയറി ആക്ട് അനുസരിച്ചാണ് ജുഡീഷ്യല്‍ കമ്മീഷന്‍ വിസ്താരങ്ങളും വാദങ്ങളും തെളിവ് ശേഖരണവുമെല്ലാം നടത്തിയത്. 2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഇതിനിടെ 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ ആദ്യം വരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു.
കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എമാര്‍, എം.പിമാര്‍, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, പരാതിക്കാര്‍ തുടങ്ങി പ്രമുഖരായ നിരവധി പേരെയാണ് കമ്മിഷന്‍ വിസ്തരിച്ചത്. മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹ്നാന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യം, മുന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, കെ. പത്മകുമാര്‍ എന്നിവരെയും കമ്മിഷന്‍ വിസ്തരിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തുടങ്ങിയവരും കമ്മിഷന് മുന്നിലെത്തി തെളിവ് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.