വത്തിക്കാന്‍ സിറ്റി: ക്രിസ്തു വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചവരെ സ്മരിച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തും ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാ നിയോഗം. ലോകമെമ്പാടും സുവിശേഷ പ്രഘോഷണത്തിനായി ജീവത്യാഗം ചെയ്ത ആളുകളുടെ ധൈര്യവും പ്രേക്ഷിത തീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരാന്‍ പ്രാര്‍ത്ഥിക്കാനും പാപ്പ അഭ്യര്‍ത്ഥിക്കുന്നു. മാര്‍ച്ചിലെ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്.
ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കുന്ന വേളയില്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. അഭയാര്‍ത്ഥിയായി അവിടെ കഴിഞ്ഞിരുന്ന ഇസ്ലാം മതവിശ്വാസി, ക്രിസ്ത്യാനിയായ തന്റെ ഭാര്യ വിശ്വാസത്തെപ്രതി രക്തസാക്ഷിയായ അനുഭവം പാപ്പയോടു പങ്കിട്ടു. വീട്ടിലെത്തിയ തീവ്രവാദികള്‍ തന്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന ക്രൂശിതരൂപം നിലത്തേക്കെറിയാന്‍ ആവശ്യപ്പെട്ടെങ്കിലും അവള്‍ അതിന് തയാറായില്ല. ഇതില്‍ കലിപൂണ്ട തീവ്രവാദികള്‍ ഭാര്യയെ തന്റെ കണ്മുന്‍പില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി.
ഈ അനുഭവം ഇന്നത്തെ സഭ എന്താണെന്നുള്ളതിന്റെ പ്രതിഫലനമാണെന്നും അറിയപ്പെടാതെ പോകുന്ന വിശ്വാസത്തിന്റെ സാക്ഷ്യമാണിതെന്നും പാപ്പ പറഞ്ഞു. 'ആ മനുഷ്യന്‍ ആരോടും വിദ്വേഷവും പുലര്‍ത്തുന്നില്ല. തന്റെ ഭാര്യയുടെ സ്‌നേഹത്തിന്റെ മാതൃക ഇതിനോടകം അവനെ കീഴടക്കിയിരുന്നു. മരണം വരെ ക്രിസ്തുവിനോട് വിശ്വസ്തയായി ജീവിച്ചുകൊണ്ട്, അവനെ സ്‌നേഹിച്ച ജീവിത സാക്ഷ്യമാണിത്'.
നമുക്കിടയില്‍ രക്തസാക്ഷിത്വം വരിക്കുന്നവരുടെ ജീവിതസാക്ഷ്യങ്ങള്‍ നാം ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നതിന്റെ തെളിവാണ്,. ക്രിസ്തീയതയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ രക്തസാക്ഷികള്‍ ഇന്നുണ്ട്. രക്തസാക്ഷികളുടെ ധൈര്യം, രക്തസാക്ഷികളുടെ സാക്ഷ്യം, എല്ലാവര്‍ക്കും അനുഗ്രഹമാണ്. സുവിശേഷ പ്രഘോഷണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ ത്യാഗം ചെയ്യുന്ന ആളുകളുടെ ധൈര്യവും പ്രേക്ഷിതതീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു.
ഇരുപതു വര്‍ഷം മുമ്പ് 2015 മാര്‍ച്ച് 15-ന് പാകിസ്താനിലെ ലാഹോറിലുള്ള സെന്റ് ജോണ്‍സ് പള്ളിക്കു സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ സ്വന്തം ജീവന്‍ നല്‍കികൊണ്ട് ബലിയര്‍പ്പണത്തിന് വന്ന അനേകരുടെ ജീവന്‍ രക്ഷിച്ച ആകാശ് ബഷീറും (പാകിസ്ഥാനില്‍ നിന്നുള്ള ആദ്യത്തെ ദൈവദാസന്‍) രക്തസാക്ഷിത്വത്തിന്റെ മഹത്തായ ഉദാഹരണമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.