രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ഹസന്‍ കുട്ടിക്കെതിരെ മുമ്പും പോക്സോ കേസ്

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി ഹസന്‍ കുട്ടിക്കെതിരെ മുമ്പും പോക്സോ കേസ്

തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലത്ത് പിടിയിലായ പ്രതി തിരുവനന്തപുരം അയിരൂര്‍ സ്വദേശി കബീര്‍ എന്ന ഹസന്‍ കുട്ടി (47). അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാള്‍ മുന്‍പ് പോക്സോ കേസില്‍ പ്രതിയാണ്. പേട്ടയിലെ കുട്ടിയെ തട്ടിക്കെണ്ടു പോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

സ്ഥിരം കുറ്റവാളിയായ ഹസന്‍ കുട്ടി പത്തിലധികം കേസുകളില്‍ പ്രതിയാണന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കണ്ണീഷണര്‍ സി.എച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2022 ല്‍ പെണ്‍കുട്ടിക്ക് മിഠായി കൊടുക്കാമെന്ന് പറഞ്ഞ് വിളിച്ച് ഉപദ്രവിച്ച കേസുണ്ട്.

ആ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ഭവന ഭേദനം, ഓട്ടോ റിക്ഷാ മോഷണം തുടങ്ങി പല കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആരുമായും കാര്യമായ ബന്ധമില്ല. കൃത്യമായ മേല്‍വിലാസം ഇല്ലാത്ത ആളായതിനാല്‍ പ്രതിക്ക് വേണ്ടി പല സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെന്നും കമ്മിഷണര്‍ പറഞ്ഞു.

കുട്ടിയെ ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടാണ് ഇയാള്‍ തട്ടിക്കൊണ്ട് പോയത്. എന്നാല്‍ കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും ബോധരഹിതയായപ്പോള്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തിരുവനന്തപുരം ഡിസിപി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് നാടോടി ദമ്പതികളായ ബിഹാര്‍ സ്വദേശികളുടെ മകളെ കാണാതായത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാകുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയിച്ചിരുന്നത്.

നീണ്ട തെരച്ചിലിനൊടുവില്‍ കുട്ടിയെ തിരുവനന്തപുരം ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ കുട്ടിയെങ്ങനെ ബ്രഹ്മോസിന് സമീപമുള്ള പൊന്തക്കാട്ടില്‍ എത്തി എന്നതിന് പോലും ഉത്തരമുണ്ടായിരുന്നില്ല. അതിനിടെ വേറെയും ദൃശ്യങ്ങള്‍ ലഭിച്ചതാണ് നിര്‍ണായകമായതെന്ന് വിവരമുണ്ട്.

കണ്ടെത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസകാരിയെ തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ സുരക്ഷ പരിഗണിച്ചായിരുന്നു മാറ്റം. സഹോദരങ്ങളും കുട്ടിയോടൊപ്പം ശിശുക്ഷേമ സമിതിയിലുണ്ട്.

എന്നാല്‍ കുട്ടിയെക്കുറിച്ചുള്ള രേഖ മാതാപിതാക്കളുടെ കൈവശം കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെയും പിതാവിന്റെയും രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.