കേരളത്തിനാവശ്യം രാഷ്ട്രീയ വിമുക്ത കലാലയങ്ങൾ

കേരളത്തിനാവശ്യം രാഷ്ട്രീയ വിമുക്ത കലാലയങ്ങൾ

കൊച്ചി: കലാലയ കൊലപാതക രാഷ്ട്രീയം കേരളത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് തോരാക്കണ്ണീർ നൽകിക്കഴിഞ്ഞു. വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും സാക്ഷരതയെക്കുറിച്ചും പെരുമകൊള്ളുന്ന കേരള സംസ്ഥാനത്തിലെ കലാലയങ്ങൾ കൊലപാതകമാണോ സിലബസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ? 

നാം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ ഒരു സാഹചര്യമാണ് കേരളത്തിലെ കലാലയങ്ങളിൽ ഇപ്പോൾ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്നത്. വെറുതെയല്ല വിദ്യാർത്ഥികൾ പ്ലസ് ടു കഴിഞ്ഞാൽ സംസ്ഥാനം വിട്ടു പോകുന്നത്.

1977ലെ അടിയന്തരാവസ്ഥക്ക് ശേഷമാണ് കലാലയ രാഷ്ട്രീയം നിര്‍മാണാത്മകതയില്‍ നിന്നും വഴിതെറ്റി സംഹാരാത്മകമായ പാതയിലേക്ക് നീങ്ങിത്തുടങ്ങിയത്. രാഷ്‌ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും സ്വാര്‍ത്ഥനേട്ടങ്ങള്‍ക്ക് വേണ്ടി വെട്ടിമരിക്കാനുള്ള ചാവേറുകളായി വിദ്യാര്‍ത്ഥികള്‍ മാറരുത്. സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും പലരും നിര്‍ഭാഗ്യംകൊണ്ട് പെട്ട് പോകുന്നതാണ്. ചിലരെ കരുക്കളാക്കുന്നുമുണ്ടാകാം. വീണ്ടുവിചാരമില്ലാത്ത പൊട്ടുന്ന പ്രായത്തില്‍ ക്യാമ്പസുകളില്‍ നടക്കുന്ന ആയുധ ശേഖരണത്തെയും നശീകരണ പ്രവണതകളെയും വാക്കത്തി രാഷ്ട്രീയത്തെയും നിരീക്ഷിക്കാനും അവയെ തിരുത്താനും നടപടി സ്വീകരിക്കാനും ഭരണകൂടത്തിനും പൊതുസമൂഹത്തിനും സാധിക്കുന്നില്ലെങ്കില്‍ സിദ്ധാർത്ഥന്മാരുടെ എണ്ണം ഇനിയും വര്‍ധിക്കുകയേ ഉള്ളൂ.

വിദ്യാര്‍ഥികളെ തങ്ങളുടെ രാഷ്ട്രീയ ചട്ടുകങ്ങളായും ആജ്ഞാനുവര്‍ത്തികളായും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ തന്നെയാണ് ഇത്തരം സംഭവങ്ങളുടെ യഥാര്‍ഥ പ്രതികള്‍. മുതിര്‍ന്നവര്‍ കയ്യാളുന്ന രാഷ്ട്രീയത്തിലെ എല്ലാ ജീര്‍ണിച്ച ശീലങ്ങളും ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടിയായി കലാലയ രാഷ്ട്രീയം മാറി. പണക്കൊഴുപ്പും കയ്യൂക്കും മലീമസമാക്കിയ കക്ഷിരാഷ്ട്രീയത്തിന്റെ ദര്‍പ്പണമുഖങ്ങള്‍ മാത്രമായി കലാലയ രാഷ്ട്രീയം അധഃപതിച്ചു. ആരും ആരെയും പഴി ചാരി സംതൃപ്തി അടയേണ്ട. ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ട്.

ക്യാമ്പസ് രാഷ്ട്രീയം പുറത്ത് നിന്നുള്ള നേതാക്കന്‍മാര്‍ നിയന്ത്രിക്കുന്നതാകുമ്പോള്‍ ചിന്തിക്കാനുള്ള അവസരം കുറയുകയാണ്. എഴുതി കൊടുത്തത് പോലെ പ്രവര്‍ത്തിക്കുന്ന, ചര്‍ച്ചകളില്ലാത്ത, ശരിയും തെറ്റും ചോദ്യം ചെയ്യാന്‍ കഴിയാത്ത ക്യാമ്പസ് രാഷ്ട്രീയം എന്ത് രാഷ്ട്രീയ അവബോധമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്? നമ്മളിന്ന് കാണുന്ന ക്യാമ്പസ് രാഷ്ട്രീയം വഴി വിദ്യാര്‍ത്ഥികള്‍ നേടുന്നത് രാഷ്ട്രീയ അവബോധമല്ല, രാഷ്ട്രീയ വിധേയത്വമാണ്. മതം പഠിച്ചവന്‍ അതിന് അടിമയാകുന്നത് പോലെ ഇന്ന് കാണുന്ന ക്യാമ്പസ് രാഷ്ട്രീയം മിക്കപ്പോഴും സൃഷ്ടിക്കുന്നത് രാഷ്ട്രീയ അടിമകളെയാണ്. ഇവരില്‍ കുറച്ച് പേര്‍ അധികാര സ്ഥാനങ്ങളിലെത്തുന്നു. അത്രമാത്രം. നമ്മളില്‍ പലരും മഹത്വീകരിക്കുന്ന രാഷ്ട്രീയം സൃഷ്ടിക്കുന്നത് രാഷ്ട്രബോധമുള്ള ഉത്തമ പൗരന്‍മാരെയാണോ അതോ രാഷ്ട്രീയ മുതലാളികളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തുള്ളുന്ന ഒരു പറ്റം തെരുവു ഗുണ്ടകളെയാണോ?

അറിവ് നേടലിനും വ്യക്തിത്വവികസനത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട് ബാഹ്യശക്തികളുടെ നിയന്ത്രണമില്ലാത്ത വിദ്യര്‍ത്ഥികളുടെ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രാധാന്യമുള്ള സ്റ്റുഡന്റ്‌സ് യൂണിയനുകളാണ് നമുക്കാവശ്യം. അത് ജനാധിപത്യപരമായ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ളതാകണം.'രാഷ്ട്രീയവിമുക്ത' കലാലയമെന്ന മുദ്രാവാക്യമാണ് കേരളം ഇനി ഉയർത്തിപിടിക്കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.