എണ്ണത്തില്‍ കൂടുതല്‍: ഇന്തോനേഷ്യയിലെ ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെയും യുവജനങ്ങളെയും

എണ്ണത്തില്‍ കൂടുതല്‍: ഇന്തോനേഷ്യയിലെ ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് സ്ത്രീകളെയും യുവജനങ്ങളെയും

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക തീവ്രവാദികള്‍ സ്ത്രീകളെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നു എന്ന വെളിപ്പെടുത്തലുമായി രാജ്യത്തെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ (ബി.എന്‍.പി.ടി) തലവന്‍ റെയ്‌കോ അമല്‍സ ദാനിയേല്‍.

ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കുന്നവരുടെ കൈയില്‍ നിന്നും കൗമാരക്കാരെയും സ്ത്രീകളെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോനേഷ്യയില്‍ മതപരമായ അസഹിഷ്ണുത പുലര്‍ത്തുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2016-2023 കാലഘട്ടത്തില്‍ 'സജീവ അസഹിഷ്ണുത' പുലര്‍ത്തുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ 2.5 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വര്‍ധനവ് ഉണ്ടായതായി സെറ്റാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് പീസിന്റെ പഠനത്തെ ഉദ്ധരിച്ച് റെയ്‌കോ പറഞ്ഞു.

നിഷ്‌ക്രിയ അസഹിഷ്ണുതയില്‍ നിന്ന് സജീവ അസഹിഷ്ണുതയിലേക്കുള്ള വര്‍ധനവിനൊപ്പം സജീവ അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ തീവ്രവാദ മനോഭാവത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതായും സെറ്റാറ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍വേ തെളിയിക്കുന്നതായി റെയ്‌കോ വ്യക്തമാക്കി.

തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പകളുടെ സ്വാധീനത്തിലേക്കെത്തുന്ന ഹൈസ്‌കൂള്‍ കുട്ടികളുടെ എണ്ണത്തിലെ വര്‍ധനവ് 0.3 ശതമാനത്തില്‍ നിന്ന് 0.6 ശതമാനം ആണെന്ന് സര്‍വേ പറയുന്നു.

ജനസംഖ്യാപരമായി വലിയ ഗ്രൂപ്പായ സ്ത്രീകളെയും യുവജനങ്ങളെയും ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് അവരുടെ എണ്ണം കൂടുതലായതുകൊണ്ടും ഭാവിയില്‍ തങ്ങള്‍ക്ക് അവര്‍ ഒരു മുതല്‍ക്കൂട്ടാകുമെന്നും കരുതിയാണെന്ന് സെറ്റാറ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡപ്യൂട്ടി ചെയര്‍മാന്‍ ബൊണാര്‍ ടിഗോര്‍ നയിപോസ്‌പോസ് അഭിപ്രായപ്പെട്ടു.

ഒപ്പണ്‍ ഡോര്‍സ് 2024 വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ കണ്ടെത്തല്‍ പ്രകാരം ക്രൈസ്തവരായി ജീവിക്കാന്‍ ഏറ്റവും പ്രയാസമുള്ള 50 രാജ്യങ്ങളുടെ പട്ടികയില്‍ 42-ാം സ്ഥാനമാണ് ഇന്തോനേഷ്യയ്ക്കുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.