ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. സുരക്ഷാ സാഹചര്യങ്ങളും പ്രദേശിക സുരക്ഷാ ഉപദേശങ്ങളും അനുസരിച്ച് പെരുമാറണമെന്നും നിര്‍ദേശം നല്‍കി.

പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും ഇസ്രയേലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.

കൂടുതല്‍ വിവരങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും +972 35226748 എന്ന നമ്പറില്‍ 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാം. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ തങ്ങള്‍ക്ക് പരിചയമുള്ള മറ്റ് ഇന്ത്യന്‍ പൗരന്മാരിലേക്ക് ഈ വിവരം കൈമാറണമെന്നും എംബസി പറയുന്നു.

നിലവിലുള്ള സാഹചര്യം ഇസ്രയേല്‍ അധികൃതരുമായി സംസാരിച്ചതായും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറണെന്ന് അറിയിച്ചതായും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചത്.

രണ്ട് മാസം മുമ്പാണ് നിബിന്‍ ഇസ്രയേലിലേക്ക് പോയത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്തു വച്ചാണ് ആക്രമണം നടന്നത്. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിബിന്റെ സഹോദരന്‍ നിവിനും ഇസ്രയേലിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.