സിഡ്നി സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ച് ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗ്; വിശ്വാസം പ്രഘോഷിച്ചുള്ള വീഡിയോ ശ്രദ്ധേയമാകുന്നു

സിഡ്നി സെന്റ് മേരീസ് കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ച് ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗ്;  വിശ്വാസം പ്രഘോഷിച്ചുള്ള വീഡിയോ ശ്രദ്ധേയമാകുന്നു

സിഡ്നി: തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതില്‍ എന്നും മുന്നിലുള്ള ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗ് സിഡ്നിയിലെ സെന്റ് മേരീസ് കത്തീഡ്രല്‍ സന്ദര്‍ശിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു. കത്തീഡ്രലിനു മുന്നില്‍ നിന്ന് 'ഹാപ്പി സണ്‍ഡേ' ആശംസിച്ചും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കാന്‍ ആഹ്വാനം ചെയ്തുമുള്ള നടന്റെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ലോകമെമ്പാടു നിന്നും 30 ദശലക്ഷം ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ താരത്തിനുള്ളത്.

കഴിഞ്ഞ ഫെബ്രുവരി 23-നാണ് അദ്ദേഹം സിഡ്നിയില്‍ എത്തിയത്. തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദേവാലയം സന്ദര്‍ശിച്ചത്. നേരത്തെ ഓസ്‌കാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള നടന്‍ കത്തീഡ്രലിന്റെ മുന്‍വശത്ത് നിന്ന് സന്ദേശം നല്‍കുന്നതിനൊപ്പം കുരിശും വരയ്ക്കുന്നുണ്ട്.



മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പോസ്റ്റിന് ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ നിന്ന് 300,000-ലധികം ലൈക്കുകള്‍ ലഭിച്ചു. വിശ്വാസത്താല്‍ നയിക്കപ്പെടുന്ന അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

'നിങ്ങള്‍ കത്തോലിക്കാ മതത്തെ എങ്ങനെ ഇത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് കാണുന്നതില്‍ ഞാന്‍ ശരിക്കും സന്തോഷിക്കുന്നു' - ഒരാള്‍ കുറിച്ചു.

ലോകത്തിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കരില്‍ ഒരാളാണ് മാര്‍ക്ക് വാള്‍ബെര്‍ഗ്. പൊതുവേദികളിലും സമൂഹ മാധ്യമങ്ങളിലും അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്, ഇതിനു മുന്‍പ് പരിശുദ്ധ അമ്മയോടുള്ള ഭക്തി അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ തന്റെ വിശ്വാസം തന്നെ ഹോളിവുഡില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ നില്‍ക്കുന്ന വ്യവസായത്തില്‍ ഇത് അത്ര പ്രിയമുള്ള കാര്യമല്ല, പക്ഷേ എനിക്ക് എന്റെ വിശ്വാസം നിഷേധിക്കാനാവില്ല - കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ പൗരോഹിത്യം സ്വീകരിച്ച അമേരിക്കന്‍ ബോക്സിംഗ് താരം ഫാ. സ്റ്റ്യൂവര്‍ട്ട് ലോംഗിന്റെ ജീവിതം പറയുന്ന സിനിമയില്‍ വാള്‍ബെര്‍ഗ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022-ലാണ് ചിത്രം റിലീസ് ചെയ്തത്. വാള്‍ബെര്‍ഗ് ഫാ. സ്റ്റ്യൂവര്‍ട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവിന്റെ റോളില്‍ മെല്‍ഗിബ്സണും അഭിനയിച്ചു.

ദമ്പതികള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തി താരദമ്പതികളായ മാര്‍ക്ക് വാള്‍ബെര്‍ഗും റിയയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു.


നാല് കുട്ടികളുടെ പിതാവായ മാര്‍ക്ക് വാള്‍ബെര്‍ഗ് ഹാലോ ആപ്പിലൂടെ, ഉപവാസം അനുഷ്ഠിക്കുന്നതിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞിരുന്നു. കൂടാതെ, മികച്ച ക്രിസ്ത്യാനികളും മനുഷ്യരുമാകാന്‍ ചെയ്യേണ്ട ത്യാഗങ്ങളെക്കുറിച്ചും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ സംസാരിച്ചിരുന്നു. തന്റെ ക്രൈസ്തവ വിശ്വാസം പ്രഘോഷിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ് ഈ നടനുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.