മലയാളികളുടെ അഭിമാനം: മനോജ് ചാക്കോ ചെയര്‍മാനായുള്ള പുതിയ വിമാന കമ്പനി ഫ്‌ളൈ 91 ന് ഡിജിസിഎയുടെ അംഗീകാരം

മലയാളികളുടെ അഭിമാനം: മനോജ് ചാക്കോ ചെയര്‍മാനായുള്ള പുതിയ വിമാന കമ്പനി ഫ്‌ളൈ 91 ന് ഡിജിസിഎയുടെ അംഗീകാരം

മുംബൈ: മലയാളികളുടെ അഭിമാനം ആകാശ വിതാനത്തോളമെത്തിച്ച് മനോജ് ചാക്കോ എന്ന മലയാളി സംരംഭകന്‍. അദേഹം ചെയര്‍മാനായ ഫ്‌ളൈ 91 എന്ന വിമാന കമ്പനിയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അംഗീകാരം ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഹര്‍ഷ രാഘവന്‍ എന്ന വ്യക്തിയുമായി ചേര്‍ന്ന് മനോജ് സ്ഥാപിച്ച ജസ്റ്റ് ഉഡോ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സമ്മതം ലഭിച്ചത്. അതോടെയാണ് ഫ്‌ളൈ 91 എന്ന ബ്രാന്‍ഡ് നേമില്‍ എയര്‍ലൈന്‍ കമ്പനിയായത്. കണ്‍വര്‍ജന്റ് ഫിനാന്‍സാണ് പ്രധാന നിക്ഷേപകര്‍. 200 കോടിയാണ് ഫ്‌ളൈ 91 കമ്പനിയുടെ മൂലധനം.

മാര്‍ച്ച് രണ്ടിന് ഗോവയിലെ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്കായിരുന്നു ഫ്‌ളൈ 91 ന്റെ ആദ്യ ടേക്ഓഫ്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി അനുസരിച്ച് ചെറു പട്ടണങ്ങളെ ലക്ഷ്യമാക്കിയാകും ഫ്‌ളൈ 91 സര്‍വീസ് നടത്തുക.

ആദ്യഘട്ടത്തില്‍ ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാകും സര്‍വീസുകള്‍. അടുത്ത ഘട്ടത്തില്‍ കേരളത്തിലേക്കും സര്‍വീസ് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മനോജ് ചാക്കോ മുന്‍പ് വ്യക്തമാക്കിയിരുന്നു.

പ്രാദേശിക വിമാനമായ എടിആര്‍-72-600 പാട്ടത്തിനെടുത്താണ് സര്‍വീസ്. ഓരോ വര്‍ഷവും ആറ് മുതല്‍ എട്ട് വരെ എടിആര്‍ വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് സര്‍വീസ് വിപുലപ്പെടുത്തും. 70 യാത്രക്കാരെ വരെ വഹിക്കാന്‍ പറ്റുന്ന വിമാനമാണിത്.

വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ സീനിയര്‍ എക്സിക്യൂട്ടീവ് ആയിരുന്നു മനോജ് ചാക്കോ. എമിറേറ്റ്‌സ് എയര്‍ലൈന്‍സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.