ചരക്ക് കപ്പിലിന് നേരെ ഹൂതികളുടെ ആക്രമണം, മൂന്ന് നാവികർ കൊല്ലപ്പെട്ടു

ചരക്ക് കപ്പിലിന് നേരെ ഹൂതികളുടെ ആക്രമണം, മൂന്ന് നാവികർ കൊല്ലപ്പെട്ടു

സന: ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പലിന് തീപിടിച്ചെന്നാണ് വിവരം. ഇറാന്റെ സഹകരണത്തോടെ നടത്തുന്ന ആക്രമണങ്ങൾ തുടങ്ങിയ ശേഷം ആദ്യമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നാണ് വിവരം. പരിക്കേറ്റതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ബാർബഡോസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ട്രൂ കോൺഫിഡൻസ് എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ബാർബഡോസിന് വേണ്ടിയണ് സർവീസ് നടത്തുന്നത്. യു.എസ് ഉദ്യോ​ഗസ്ഥർ ഇത് സ്ഥരീകരിച്ചിട്ടുണ്ട്. അതേസമയം രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവിയുടെ ഐഎൻഎസ് കൊൽക്കത്ത കോൺഫിഡൻസിന് അടുത്തെത്തിയിട്ടുണ്ട്. തീപിടിത്തമുണ്ടായതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത്.

അതേസമയം, ചെങ്കടലിലെ അന്തർ സമുദ്ര കമ്മ്യൂണിക്കേഷൻ കേബിളുകൾ മുറിഞ്ഞ സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഹൂതികൾ രംഗത്തെത്തി. മേഖലയിലെ രാജ്യങ്ങൾക്ക് ഇന്റർനെറ്റ് നൽകുന്ന കേബിളുകളെ തങ്ങൾ ലക്ഷ്യമാക്കില്ലെന്ന് പറയുന്ന ഹൂതികൾ യു.എസ്, ബ്രിട്ടീഷ് സൈന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

ചെങ്കടലിലെ 15 അന്തർ സമുദ്ര കേബിളുകളിൽ നാലെണ്ണം അടുത്തിടെ വിച്ഛേദിക്കപ്പെട്ടെന്നും ഇത് ഏഷ്യയ്ക്കും യൂറോപ്പിനുമിടെയിലെ 25 ശതമാനം ഡേറ്റാ ട്രാഫികിനെ ബാധിച്ചെന്നും ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എച്ച്.ജി.സി ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു. ഡേറ്റാ ട്രാഫിക് മറ്റ് റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ട് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാൻ, കിഴക്കേ ആഫ്രിക്കയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ട്രാഫികിനെ സംഭവം ബാധിച്ചേക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു.

കേബിളുകൾ മുറിയാനുള്ള കാരണം വ്യക്തമല്ലെങ്കിലും ഹൂതികൾ സംശയനിഴലിലാണ്. ഹൂതികൾ കേബിളുകൾ വിച്ഛേദിച്ചേക്കാമെന്ന് യെമനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാർ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.